സൂര്യയെ കേന്ദ്രകഥാപാത്രമാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കു പിന്നാലെയാണ് ഒരു സൂര്യ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്.
സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണിത്. തിയറ്ററുകളിലെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ഒടിടി റിലീസിലൂടെയാണ് സൂര്യയ്ക്ക് രണ്ട് ഹിറ്റുകള്‍ തുടര്‍ച്ചയായി ലഭിച്ചത്. സുധ കൊങ്കര സംവിധാനം ചെയ്‍ത സൂരറൈ പോട്ര്, ജ്ഞാനവേലിന്‍റെ ജയ് ഭീം എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റി.