ഷേർളി ജാക്ക്സനും സ്റ്റീഫൻ കിംഗിനുമുള്ള മലയാളം സിനിമയുടെ ആദരവാണ് ഭൂതകാലം: മരിയ റോസ് എഴുതുന്നു

രേവതി, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടിടി റിലീസായി എത്തിയത്. സോണി ലിവിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രം എന്ന് ‘ഭൂതകാല’ത്തെ നിരൂപകർ വാഴ്ത്തിയിരുന്നു. നിർമ്മാണത്തിലും ഷെയ്ൻ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രമാണ് ഭൂതകാലം. പ്ലാൻ ടി ഫിലിംസ്, ഷെയ്ൻ നിഗം ഫിലിംസ് എന്നീ ബാനറുകളിൽ തെരേസ റാണി, സുനില ഹബീബ് എന്നിവർ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അൻവർ റഷീദ് ആണ്.

എഴുത്തുകാരനും, സിനിമ നിരൂപകനുമായ മരിയ റോസ് ഭൂതകാലത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം

മലയാളം ഹൊറർ സിനിമയിൽ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും ഏറ്റവും Updated ആയ സിനിമയാണ് “ഭൂതകാലം”. ലോക ഗോഥിക് സാഹിത്യത്തിലും സിനിമയിലും സൈക്കളോജിക്കൽ വ്യാഖ്യാനവും സൂപ്പർനാച്ചുറൽ വ്യാഖ്യാനവും ആരോപിക്കാവുന്ന തരത്തിൽ Open-ended ആയ സിനിമകൾ നൂറു വർഷത്തിന് മുൻപ് തന്നെ വന്നിരുന്നെങ്കിലും മലയാളത്തിൽ ഇത്രയധികം കാലം വേണ്ടി വന്നു എന്നോർക്കണം.

നേരെ ചൊവ്വേയുള്ള സൂപ്പർനാച്ചുറൽ വ്യാഖ്യാനമാണ് ഇത്തരം കഥകളുടെ ബാഹ്യമായ വായനാസാധ്യത. പല Haunted House കഥകളും ഇത്തരത്തിൽ വായിക്കുകയും കാണുകയും ചെയ്യാം. എന്നാൽ കുറച്ചു കൂടി ആഴത്തിലുള്ള സമീപനം പുലർത്തുന്ന എഴുത്തുകാർ “ബാധിത”മായ വീടുകളിലെ പ്രശ്നങ്ങൾക്ക് വെറും പ്രകൃത്യാതീതസംഭവങ്ങൾക്ക് ഉപരി മറ്റൊരു മാനമുണ്ട് എന്ന വായനയ്ക്ക് കൂടി സാധ്യത തുറന്നിടുന്നു. കഥാപാത്രങ്ങളുടെ മാനസികമായ ട്രോമയുടെ പ്രതിഫലനങ്ങൾ ഭൌതികമായി അവർക്ക് ചുറ്റും പ്രകൃത്യാതീതമായി പ്രതിഫലിക്കുന്ന വിധത്തിലാണ് ഈ രണ്ടാം വായനയുടെ സാധ്യത.

ഇപ്പോഴും നിരൂപകർ ഇത്തരത്തിൽ വ്യാഖ്യാനം അവസാനിപ്പിച്ചിട്ടില്ലാത്ത ഒരു ലഘുനോവലാണ്‌ ഹെൻറി ജെയിംസിൻറെ Turn of the Screw. (പിരിമുറുക്കം) ബ്ലൈ എന്ന ധനികമായ ബംഗ്ലാവിലെ അനാഥരായ കുട്ടികൾക്ക് ആയയായി വന്നെത്തുന്ന യുവതിയ്ക്ക് അവിടെ പ്രേതസാന്നിധ്യം അനുഭവപ്പെടുന്നു. കൂടുതൽ അന്വേഷണത്തിൽ യഥാക്രമം അവിടെ കെയർ ടേക്കറും ഭൃത്യയുമായിരുന്ന പീറ്റർ ക്വിൻറും മിസ്‌ ജെസ്സലും അവിടെ മരണപ്പെട്ടിട്ടുണ്ട് എന്നും അവരുടെ ആത്മാക്കളാണ് എന്നും കരുതപ്പെടുന്നു. എന്നാൽ ആത്മാക്കളെ നായിക മാത്രമേ കാണുന്നുള്ളോ, കുട്ടികൾ കാണുന്നുണ്ടോ ഇല്ലയോ എന്നിങ്ങനെ വിവിധ സംശയങ്ങൾ നമ്മളിൽ ഉരുത്തിരിയുന്നു. കുട്ടികളിൽ ഒരാളുടെ മരണത്തോടെ നോവൽ അവസാനിക്കുന്നു. ആ മരണം എങ്ങനെ സംഭവിക്കുന്നു, പ്രേതാത്മാവിനെ ഇടപെടൽ കൊണ്ടോ മാനസികമായ ഭ്രംശമുള്ള ആയയുടെ കൈകൾ കൊണ്ടോ എന്ന ചർച്ച ഇപ്പോഴും തുടരുന്നു.

ഭൂതകാലം വളരെ വിശദമായി വഹിക്കുന്ന രണ്ട് സുപ്രധാന Text കൾ ഷേർളി ജാക്സൻറെ The Haunting of Hill House ഉം സ്റ്റീഫൻ കിംഗിൻറെ വിവിധ Text കളുമാണ്. ഇവർ രണ്ട് പേരും അവരുടെ രചനകൾക്ക് ഉൾബലം സ്വീകരിച്ചിരിക്കുന്നതും മുകളി സൂചിപ്പിച്ച Turn of the Screw വിൽ നിന്നാണ്. ഭൂതകാലത്തിൽ Supernatural Manifestations ഉണ്ടാകുന്ന സന്ദർഭങ്ങളിൽ House on the Haunted Hill എന്ന നോവലിൽ ഉണ്ടാകുന്നത് പോലെയുള്ള രംഗങ്ങൾ കാണാം. ( Robert Wise സംവിധാനം ചെയ്ത The Haunting (1963) എന്ന ചിത്രം ഈ നോവലിൻറെ ചലച്ചിത്രാവിഷ്കാരമാണ്) ഭീകരമായ മരണങ്ങളുടെ പാരമ്പര്യമുള്ള ഹിൽ ഹൌസിൽ ഗവേഷനാർത്ഥം ഒരു സംഘം വന്ന് താമസമാക്കുന്നു. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് അതിലുള്ളത്. അതിലൊരാൾ മാനസികമായ ട്രോമയുടെ ഭൂതകാലമുള്ളവളാണ്. തുടർന്ന് പ്രകൃത്യാതീതമായ സംഭവപരമ്പരകൾ ആരംഭിക്കുന്നു. ഈ സിനിമയുടെ ഒരു പ്രത്യേകത വീടിനെ ഒരു “ബാധിതമായ” ഒരു Entity യായി അവതരിപ്പിക്കുന്നു എന്നതാണ്. അതേ സമീപനം ഭൂതകാലത്തിലും കാണാം. കഥാപാത്രങ്ങൾ നേരിടുന്ന ഭീതിജനകമായ അവസ്ഥ എന്ത് തന്നെയാണ് എങ്കിലും അതിൽ നിന്ന് പുറത്ത് കടക്കണം എങ്കിൽ അവർ ആ വീട്ടിൽ നിന്ന് പുറത്ത് കടക്കുകമാത്രമാണ് വഴി, അല്ലെങ്കിൽ ആ വീട് നശിച്ചു പോകണം എന്ന അവസ്ഥ. അതല്ലെങ്കിൽ പുതിയ താളം തെറ്റിയ മനസ്സുകളെ കൊലപ്പെടുത്തുന്ന കെണിയായി അടുത്തയാളെ കാത്ത് വീട് നില കൊള്ളുന്നു. ആ അർത്ഥത്തിൽ ഷേർളി ജാക്സൻറെ നോവലിൻറെ Adaptation പോലുമാണ് എന്ന് തോന്നിപ്പിക്കുന്നുണ്ട് ഭൂതകാലം.
സ്റ്റീഫൻ കിംഗ് Shining ലും അതിൻറെ Adaptation നിൽ സ്റ്റാൻലി കുബ്രിക്കും ഈ പ്രമേയത്തെ വീണ്ടും പരിചരണവിധേയമാക്കുന്നു. ഭീതിജനകമായ ദുർമരണങ്ങളുടെ പിൻ കഥകളുള്ള ഒരു പടുകൂറ്റൻ ഹോട്ടലിൽ കെയർ ടേക്കറായെത്തുന്ന ഒരു എഴുത്തുകാരൻ്റെയും ഭാര്യയുടെയും മകൻ്റെയും കഥയാണ് Shining. പുറം ലോകവുമായി മഞ്ഞുകാലം അകറ്റിയിരിക്കുകയാണ് ആ പ്രദേശം. നീണ്ട വരാന്തകളും അസംഖ്യം മുറികളും നിറഞ്ഞ വിജനവും നിശബ്ദത തങ്ങി നിൽക്കുന്നതുമായ ആ ഹോട്ടലിനുള്ളിൽ പതിയെ ഭീതി നിറഞ്ഞു തുടങ്ങുന്നു, പഴയ കൊലപാതകങ്ങൾ അയാൾ ആവർത്തിക്കാനൊരുങ്ങുന്നത് വരെ.

ഷേർളി ജാക്ക്സനും സ്റ്റീഫൻ കിംഗിനുമുള്ള മലയാളം സിനിമയുടെ ആദരവാണ് ഭൂതകാലം, അതിൻ്റെ Makers ന് അതറിയാമെങ്കിലും ഇല്ലെങ്കിലും. കാര്യങ്ങൾ വിശദീകരിക്കാതെ വിടുന്ന രീതി പഴേ സ്കൂളിൽ പെട്ട കാഴ്ച്ചക്കാർക്ക് അലോഹ്യം തോന്നാം. സ്റ്റീഫൻ കിംഗിൻ്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ, the film Contains ” Secrets best left untold and things left best unsaid”
Good Work, the Whole Team!