ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ (Praggnanandhaa) വീണ്ടും ലോക ചെസിൽ ചരിത്രം സൃഷ്ടിക്കുന്നു. മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലെ അവസാന റൌണ്ടിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ (Magnus Carlsen) പ്രഗ‍്‍നാനന്ദ പരാജയപ്പെടുത്തി. ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.
16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൺ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്സ് മാസ്റ്റേഴ്സിലായിരുന്നു കാൾസൺ പ്രഗ‍്‍നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.
ക്രിപ്റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ‍്‍നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിൻെറ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ‍്‍നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അടക്കം രാഷ്ട്രീയ, കായിക, സിനിമ രംഗത്തെ പ്രഗത്ഭർ എല്ലാം പ്രഗ്നനന്ദയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.