’36 വർഷങ്ങൾ നീണ്ട കാത്തിരിപ്പ്’: കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത

36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി.

1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ ഒരു ഗോളും ഒരു സെൽഫ് ഗോളും നേടിയാണ് ജമൈക്കക്കെതിരെ ആധികാരിക വിജയം നേടിയത്. കെയ്ൽ ലാർ, തഹോൻ ബുക്കാനൻ, ജൂനിയർ ഹോയ്ലറ്റ് എന്നിവർ കാനഡയ്ക്കായി സ്കോർ ചെയ്തപ്പോൾ ജമൈക്കൻ താരം അഡ്രിയാൻ മരിയപ്പയാണ് സെൽഫ് ഗോൾ നേടിയത്.

കഴിഞ്ഞ കൊല്ലം ഫിഫ ടീം പോയിന്റ്‌സിൽ ഏറ്റവും വലിയ കുതിച്ചു ചാട്ടം നടത്തിയ ടീമുകളിൽ ഒന്നാണ് കാനഡ. നിലവിൽ മുപ്പത്തി മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ച് ലീഗി ലൈലിൽ കളിക്കുന്ന ജോനാതൻ ഡേവിസ് , ബേസിക്റ്റസ് കളിക്കുന്ന ലാറിൻ , ബയേൺ മ്യൂണിക് താരം അൽഫോൻസോ ഡേവിസ് മുതലായ താരങ്ങൾ ആണ് കാനഡയുടെ നെടുന്തൂണുകൾ. മെക്സിക്കോ ,അമേരിക്ക, കോസ്റ്ററിക അടങ്ങിയ ടീമുകളുള്ള ഗ്രൂപ്പിൽ നിന്നാണ് കാനഡ ജേതാക്കൾ ആവുന്നത് .