‘ബൗളിങ്ങിൽ ബുംറ ഒരു ഇതിഹാസം’; പാക്കിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അഭിനന്ദനവുമായി രോഹിത് ശർമ്മ

ടി-20 ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബൗളർമാർ പന്തുകൊണ്ട് കരുത്ത് കാട്ടാൻ ആ​ഗ്രഹിക്കുന്നവരാണ്. അതിൽ ബുംറ കൂടുതൽ കരുത്തനാകുന്നു. അയാളെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതില്ല. ഈ ലോകകപ്പ് അവസാനിക്കും വരെ ബുംറ ഈ രീതിയിൽ പന്തെറിയണം. ബൗളിം​ഗിൽ ബുംറ ഒരു ഇതിഹാസമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ ഒരിക്കല്‍ക്കൂടി പാകിസ്താനെ വീഴ്ത്തി ഇന്ത്യ കരുത്തുകാട്ടിയിരിക്കുകയാണ്. ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 7 വിക്കറ്റിന് 113 റണ്‍സാണ് നേടാനായത്. ഇന്ത്യയെ ചെറിയ സ്‌കോറിലേക്കൊതുക്കിയപ്പോള്‍ പാകിസ്താന്‍ സജീവ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്.

അമേരിക്കയിലേക്ക് ബാ​ഗും പാക്ക് ചെയ്ത് വന്നത് വെറുതേ ആയില്ലെന്നും, പിച്ചിൽ നിന്ന് ലഭിക്കുന്ന പിന്തുണ പരമാവധി ഉപയോ​ഗിക്കുമെന്നു മത്സര ശേഷം ബുംറ പ്രതികരിച്ചു. “ചെറുപ്പം മുതൽ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നതാണ്. ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന മത്സരങ്ങൾ കാണാനാണ് താൻ ഇഷ്ടപ്പെടുന്നത്. ബാറ്റിം​ഗ് പ്രകടനങ്ങൾ മാത്രം ഉണ്ടാകുമ്പോൾ താൻ ടി വി ഓഫ് ചെയ്യും.’ ബുംറ പറഞ്ഞു. പിച്ചിൽ നിന്ന് പിന്തുണ ലഭിക്കുമ്പോൾ ഫുൾ ലെങ്തിൽ പന്തെറിയാൻ താൻ ശ്രമിക്കും. ചിലപ്പോൾ അത് മാജിക് പന്തുകളായി മാറും. ഇന്ത്യൻ ടീം പന്തെറിയാൻ എത്തിയപ്പോൾ സ്വിം​ഗും പേസും കുറഞ്ഞു. റൺസടിക്കാൻ എളുപ്പമായി. വിജയിക്കാൻ എത്ര റൺസ് വേണമെന്ന് പാകിസ്താന് അറിയാമായിരുന്നു. അതിനാൽ പാകിസ്താനെതിരെ മാജിക് പന്തുകൾ പരീക്ഷിക്കാതെ ലൈനും ലെങ്തും കൃത്യമാക്കാൻ ശ്രമിച്ചു. ഇതാണ് പാകിസ്താനെ സമ്മർദ്ദത്തിലാക്കിയതെന്നും ബുംറ പ്രതികരിച്ചു.