മാറക്കാനയിലെക്ക് മെസ്സിയെ സ്വാഗതം ചെയ്ത് ബ്രസീല്‍; കാല്‍പാടുകള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കൊത്തിവെയ്ക്കും

ലോകകപ്പ് കിരീടം നേടിയ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സിയെ ആദരിക്കാന്‍ ബ്രസീല്‍. ലോക ഫുട്‌ബോളിന്റെ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയത്തിലേക്ക് മെസ്സിക്ക് ക്ഷണം ലഭിച്ചു. മെസ്സിയുടെ കാലടികള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കൊത്തിവെയ്ക്കാന്‍ വേണ്ടിയാണിത്. മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ സ്‌പോര്‍ട്‌സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസ് ആണ് ലിയോയെ ഔദ്യോഗികമായി ക്ഷണിച്ചത്.

ഞായറാഴ്ച ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2ന് തോൽപ്പിച്ച് ആണ് അർജന്റീന 36 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ലോക കിരീടം ഉയർത്തിയത്. “കാലത്തിനകത്തും പുറത്തും മെസ്സി തന്റെ പ്രാധാന്യം ഇതിനകം തെളിയിച്ചിട്ടുണ്ട്. വർഷങ്ങളായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന കളിക്കാരനാണ് അദ്ദേഹം, ”അർജന്റീന എഫ്എ (എഎഫ്എ) വഴി അർജന്റീന ക്യാപ്റ്റൻ മെസ്സിക്ക് അയച്ച കത്തിൽ പ്രസിഡന്റ് അഡ്രിയാനോ സാന്റോസ് പറഞ്ഞു.

ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയം 1950ലും 2014ലും രണ്ട് ലോകകപ്പ് ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, മെസ്സി സമ്മതം മൂളിയാൽ പെലെ, ഗാരിഞ്ച, റിവെലിനോ, റൊണാൾഡോ എന്നിവരുടെ കൂടെ ഇനി മെസ്സിയുടെ കാൽപ്പാടുകളും മരക്കാനയിൽ ഉണ്ടാകും. ചിലിയുടെ എലിയാസ് ഫിഗുറോവ, സെര്‍ബിയയുടെ ദെഹാന്‍ പെറ്റ്‌കോവിച്ച്, പോര്‍ച്ചുഗലിന്റെ യൂസേബിയോ. യുറഗ്വായുടെ സെബാസ്റ്റിയന്‍ എബ്രു, ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ എന്നീ ലോകോത്തര താരങ്ങളും വാക് ഓഫ് ഫെയിം പട്ടികയിലുണ്ട്.