ബിര്‍സാ മുണ്ടയുടെ ജീവചരിത്ര ചിത്രം ‘ബിർസ’ യിലൂടെ പാ രഞ്ജിത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന്‍ പാ രഞ്ജിത്ത്.’ബിര്‍സ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബിര്‍സാ മുണ്ടയുടെ ജീവചരിത്ര ചിത്രം 2018ല്‍ പ്രഖ്യാപിച്ചതാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കുമെന്ന് പാ രഞ്ജിത്ത് പിടിഐയോട് പറഞ്ഞു.

ബിര്‍സാ മുണ്ടയെക്കുറിച്ച് മഹാശ്വേതാ ദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകമാവും സിനിമയ്‍ക്ക് അടിസ്ഥാനം. നമഹ് പിക്ചേഴ്‍സിന്‍റെ ബാനറില്‍ ഷറീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവരാണ് നിര്‍മ്മാണം. ഇന്ത്യന്‍ പ്രേക്ഷകരെക്കൂടാതെ അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാവുന്ന സിനിമയാവും ഇതെന്ന് പാ രഞ്ജിത്ത് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

1890കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ജാര്‍ഘണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവാണ് ബിര്‍സാ മുണ്ട. ഭൂമിയുടെ അവകാശത്തിന് വേണ്ടിയും തന്‍റെ ഗോത്രത്തിന് വേണ്ടിയും അദ്ദേഹം ആളുകളെ സംഘടിപ്പിക്കുകയും പോരാടുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരേ 1894ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നടത്തിയതാണ് അദ്ദേഹത്തിന്‍റെ പ്രധാന സമരങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.

ആട്ടക്കത്തി എന്ന ചിത്രത്തിലൂടെ 2012ല്‍ സംവിധായകനായി അരങ്ങേറിയ ആളാണ് പാ രഞ്ജിത്ത്. പിന്നീട് മദ്രാസ്, രജനീകാന്ത് നായകനായ കബാലി, കാല, ആര്യ നായകനായ സര്‍പട്ട പരമ്പരൈ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍. പരിയേറും പെരുമാള്‍ ആണ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്.