മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
ബാറോസിന്‍റെ ട്രെയ്‍ലര്‍ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ യുട്യൂബിലൂടെയും ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ കുട്ടികള്‍ക്കായി സൃഷ്ടിച്ചിരിക്കുന്ന ഒരു കൗതുക ലോകം കാണാം. സംവിധാനത്തിന് പുറമെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് സംവിധായകൻ മാർക്ക് കിലിയനാണ് സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.