ടൊവിനോയുടെ ട്രിപ്പിൾ റോൾ വിളയാട്ടം; മികച്ച പ്രേക്ഷക പ്രതികരണം നേടി ARM

ടൊവിനോയെ നായകനാക്കി നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്തു ഓണ ചിത്രം ARM (അജയന്റെ രണ്ടാം മോഷണം) ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം. ടൊവിനൊ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണെന്നാണ് ബോക്സ് ഓഫീസ് റിപ്പോട്ടുകൾ. ചീയോതിക്കാവ് എന്ന സാങ്കൽപികദേശത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും കടന്നുചെല്ലുന്ന ചിത്രം മലയാളസിനിമ ഇന്നുവരെ കാണാത്ത വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നതെന്നാണ് നവമാദ്ധ്യമങ്ങളിലെ പ്രമുഖ നിരൂപകർ പറയുന്നത്.

ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. പോരാട്ട വീര്യമുള്ള യോദ്ധാവ്, നാടിനെ ജയിക്കുന്ന കള്ളൻ, സാധാരണക്കാരൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ടൊവിനോ തോമസ് ചിത്രത്തിലുള്ളത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തെലുങ്ക് ചിത്രങ്ങളിലൂടെ പ്രസിദ്ധി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് ‘ARM’. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ചിത്ത, കന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്