മാനനഷ്ടക്കേസ്: ജോണി ഡെപ്പിന് 8.2 കോടി നഷ്ടപരിഹാരം നല്‍കി ആംബര്‍ ഹേഡ്

മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യണ്‍ ഡോളര്‍ ഏതാണ്ട് (8 കോടി രണ്ട് ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നല്‍കി മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ്.കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഒടുവില്‍ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതച്ചു. ഈ പണം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിഎൻഎൻ റിപ്പോർട്ട് പ്രകാരം, ജോണി ഡെപ്പ് മേക്ക്-എ-ഫിലിം ഫൗണ്ടേഷൻ, ദി പെയിന്റ് ടർട്ടിൽ, റെഡ് ഫെതർ, മർലോൺ ബ്രാൻഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ഫോർ ചാരിറ്റി, ആമസോണിയ ഫണ്ട് അലയൻസ് തുടങ്ങിയ സംഘടനകൾക്ക് ആയിരിക്കും ഡെപ് സാമ്പത്തിക സഹായം നൽകുക.

ജോണി ഡെപ്പും ആംബർ ഹേർഡും 2015-ൽ ലോസ് ഏഞ്ചൽസിലെ അവരുടെ വസതിയിൽ നടന്ന രഹസ്യ ചടങ്ങിൽ ആണ് വിവാഹിതരായത്. എന്നാൽ 2016 മെയ് 23-ന് ആംബർ ഹേർഡ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതോടെ ആണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ജോണി ഡെപ്പ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് നടിയുടെ വാദം. ഡെപ്പിനെ പ്രതിസ്ഥാനത്ത് നിർത്തി കൊണ്ട് ആംബർ ഹെഡ് വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനം വിവാദമായി. തുടര്‍ന്ന് ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ ഡെപ്പിനെ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു. എന്നാല്‍, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.