നേരം, പ്രേമം തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്കു ശേഷം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പല അഭ്യൂഹങ്ങൾക്കും മാറിയ റിലീസ് തിയതികൾക്കും ഒടുവിൽ ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയായ ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചിരിക്കുന്നത്. ഇനി ട്വിസ്റ്റുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ ചിത്രം ഡിസംബർ ഒന്നിന് എത്തുമെന്നാണ് ലിസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ് “സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്… ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ…. റിലീസ് തീയതി മാറുന്നതിന്ദൈ വത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്,’ പല തവണ റിലീസ് തീയതി മാറിയത് കൊണ്ട് തന്നെ ‘ഉറപ്പിക്കാവോ’ എന്ന് പ്രേക്ഷകർ കമന്റുകളിൽ ചോദിക്കുന്നുണ്ട്. നടന്‍ ബാബുരാജും സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ട്രെയ്ലറോ വലിയ അപ്ഡേറ്റുകളോ പുറത്തുവിടാതെ തന്നെ ഗോള്‍ഡിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയക്കാണ് വിറ്റുപോയത്.
ചിത്രത്തില്‍ ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.