സൂപ്പർ കപ്പിലെ നാണംകെട്ട തോൽവി, ലീഗിൽ മോശം തുടക്കം; അൽ നാസർ ലൂയിസ് കാസ്ട്രോയെ പുറത്താക്കി

സൗദി പ്രൊ ലീഗിലെ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് അൽ നാസർ പരിശീലകൻ ലൂയിസ് കാസ്ട്രോയെ പുറത്താക്കിയാതായി ക്ലബ് അധികൃതർ സ്ഥിരീകരിച്ചു. സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുൻ എ സി മിലാൻ മാനേജര്‍ സ്റ്റെഫാനോ പിയോളി ആകും പകരം ചുമതലയേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ട്. പിയോളിയുമായി അല്‍ നസര്‍ മാനേജ്മെന്‍റ് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഫാബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗ് കിരീടം 14 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ അൽ-ഹിലാലിനോട് തോറ്റതിന് ശേഷം, അൽ-നാസർ ക്ലബ്ബിൽ കാര്യങ്ങൾ ഇളക്കിമറിക്കുകയും ഇത്തവണ ബ്ലൂ വേവ്‌സിൻ്റെ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 2024-25 കാമ്പെയ്‌നിൻ്റെ തുടക്കത്തിൽ തന്നെ, സൗദി സൂപ്പർ കപ്പിൻ്റെ ഫൈനലിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരോട് അവർ 4-1 എന്ന തകർപ്പൻ തോൽവി ഏറ്റുവാങ്ങി. പോർച്ചുഗീസ് മാനേജർ ലൂയിസ് കാസ്ട്രോയുടെ പ്രകടനത്തിൽ അൽ – നാസർ തൃപ്തറായിരുന്നില്ല. അതുകൊണ്ട് തന്നെ ഉടൻ ക്ലബ് അദ്ദേഹത്തെ പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നതായാണ് റിപ്പോട്ടുകൾ.

പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബാണ് അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസർ എഫ് സി. 2023 – 2024 സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ അൽ അലാമിക്ക് സാധിച്ചില്ല.