ലാസിയോക്കെതിരേ തോല്‍വിക്കു പിന്നാലെ ബയേണ്‍ താരം ഡയോട്ട് ഉപമെകാനോവിന് നേരെ വംശീയാധിക്ഷേപം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലാസിയോക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെ ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്കിന്റെ ഫ്രഞ്ച് താരം ഡയോട്ട് ഉപമെകാനോവിന് നേരെ സമൂഹ മാധ്യമങ്ങളില്‍ വംശീയാധിക്ഷേപം. ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ തോറ്റത്. മത്സരത്തിന്റെ 65ാം മിനിറ്റില്‍ ലാസിയോയുടെ ഗുസ്താവ് ഇസാക്‌സന്റെ ഗോള്‍ ശ്രമം തടയുന്നതിനിടെ ഫ്രഞ്ച് താരമായ ഉപമെകാനോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയില്‍ സീറോ ഇമ്മൊബിലെ ലക്ഷ്യം കാണുകയും ലാസിയോക്ക് വിജയം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് ആരാധകര്‍ ഫ്രഞ്ചുകാരനെതിരെ രൂക്ഷമായ വംശീയാധിക്ഷേപവുമായി രംഗത്തെത്തിയത്.

അതെ സമയം താരത്തിന് പിന്തുണയുമായി ബയേണ്‍ മ്യൂണിക് രംഗത്തെത്തി. ‘സമൂഹ മാധ്യമങ്ങളില്‍ ഡയോട്ട് ഉപമെക്കാനോക്കെതിരെ നടക്കുന്ന വംശീയ പരാമര്‍ശങ്ങളെ ബയേണ്‍ ശക്തമായി അപലപിക്കുന്നു. ഇതുപോലുള്ള വിദ്വേഷകരമായ വാക്കുകള്‍ കമന്റ് ചെയ്യുന്ന ആരും ഞങ്ങളുടെ ക്ലബിന്റെ ആരാധകരല്ല’ -ബയേണ്‍ എക്‌സില്‍ കുറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പി എസ് ജി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് റിയൽ സോസിഡാഡിനെ തോൽപ്പിച്ചു.