അഡലൈഡിൽ ആദ്യദിനം ഓസീസിന് മേധാവിത്വം; ഇന്ത്യ 180ന് പുറത്ത്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യദിനത്തില്‍ ഓസ്‌ട്രേലിയക്ക് മേധാവിത്വം. ഓസീസ് ബൗളര്‍മാരുടെ സ്വിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കി. കെ എല്‍ രാഹുലും (37) ശുഭ്മന്‍ ഗില്ലും (31) 68 റണ്‍സ് കൂട്ടുകെട്ട് സമ്മാനിച്ചതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉണര്‍ന്നു. എന്നാല്‍, രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും (7) ഗില്ലിന്റെയും വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെ തകര്‍ച്ചയായി. ഋഷഭ് പന്തിനും ശേഷം ആറാം നമ്പറിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാനിറങ്ങിയത്. മധ്യനിരയിലേക്കുള്ള തിരിച്ചുവരവില്‍ 23 പന്ത് നേരിട്ട രോഹിത്തിന് മൂന്ന് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഋഷഭ് (21) പ്രതിരോധത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറില്‍ വീണു.

പിന്നീടെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 180 എങ്കിലും എത്തിയത്. 54 പന്ത് നേരിട്ട റെഡ്ഡി, മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സെടുത്തു. 22 റണ്‍സെടുത്ത് ആര്‍ അശ്വിന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക് 48 റണ്‍സ് വഴങ്ങി ആറ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ദേവദത്ത് പടിക്കലിനും ധ്രുവ് ജുറലിനും പകരം ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ടീമിലെത്തി. വാഷിങ്ടണ്‍ സുന്ദറിനു പകരം ആര്‍ അശ്വിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എടുത്തിട്ടുണ്ട്. 38 റൺസ് എടുത്ത മെക്‌സിന്റെ വിക്കറ്റ് ആണ് ഓസീസിന് നഷ്ടമായത്.

https://twitter.com/CricketNDTV/status/1864977930667069809