‘ഹൃദയഭേദകം’; എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ നടൻ സൂര്യ

പ്രശസ്ത ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിൽ പ്രതികരണവുമായി തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. നിഷാദ് ഇനിയില്ല എന്നത് ഹൃദയഭേദകം ആണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യ ശിവ ടീമിന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘കങ്കുവ’ യുടെ എഡിറ്റർ കൂടിയാണ് അന്തരിച്ച നിഷാദ് യൂസഫ്. കങ്കുവ ടീമിലെ പ്രിയപ്പെട്ട അംഗമാണ് നിഷാദ് എന്നും സൂര്യ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ ആണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ൽ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ചിത്രീകരണം പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്. തന്റേതായ ശൈലിയിൽ എഡിറ്റിങ്ങിന് പുതിയ ഭാവുകത്വം നൽകിയ എഡിറ്ററാണ് നിഷാദ് യൂസഫ്. എഡിറ്ററുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.