പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ നടക്കും.

മിമിക്രിയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയിൽ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ കോമഡി വേഷങ്ങളിൽ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മണവാളനായി എത്തിയ ഹനീഫിൻറെ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയ മീമുകളിൽ സജീവമാണ്. ഇതിനോടകം നൂറ്റി അൻപതിലധികം സിനിമകളിൽ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷങ്ങളിൽ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.

മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ മിമിക്രിയിൽ താരമായ ഹനീഷ് പിന്നീട് നാടത്തിൽ സജീവമായി. അവിടെ നിന്നുമായിരുന്നു കലാഭവനിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി വേദികളിൽ അദ്ദേഹം മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്, എന്നിങ്ങനെ രണ്ടുമക്കളാണ്