മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ഫാന്റസി; ‘മഹാവീര്യർ’ ജൂലൈ 21ന് തിയേറ്ററുകളിൽ

നിവിന്‍ പോളി ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ തിയേറ്ററുകളിലേക്ക്. കോടതി പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലർ ചിത്രപുരി എന്ന ​ഗ്രാമത്തിന്റെ കഥ പറയുന്നു. സന്ന്യാസിയുടെ വേഷത്തിൽ നിവിൻ എത്തുമ്പോൾ രാജാവായാണ് ആസിഫ് ആലി എത്തുന്നത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.