രണ്‍വീര്‍ സിംഗ് ചിത്രം ’83’ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് ’83’ പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു ’83’. ഇപോഴിതാ ’83’ ട്രെയിലറിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.
“രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സിനിമ ആരാധകര്‍ക്കും ചലച്ചിത്ര വ്യവസായത്തിലുള്ളവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സമൂഹത്തിന്റെ നനാതുറയിലുള്ള എല്ലാ ആള്‍ക്കാര്‍ക്കും നന്ദി. ’83’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരും സന്തോഷവാൻമാരുമാണ്. എല്ലാം മാറ്റിമറിച്ച ഇന്ത്യൻ ചരിത്രത്തിലെ ആ നിമിഷത്തിന് നല്‍കുന്ന ആദരവാണ്, വെറുമൊരു സിനിമയല്ല ’83’. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ, കപില്‍ദേവിന്റെ ചെകുത്താൻമാരെ കുറിച്ചുള്ളതാണ് ഇത്. അവര്‍ ഇതിഹാസങ്ങളാണ്, ഇങ്ങനെയുള്ള ചിത്രത്തില്‍ ഭാഗമാകുന്നത് അഭിമാനമുള്ള കാര്യമാണ്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി” രണ്‍വീര്‍ സിംഗ് പറഞ്ഞു. ഇൻസ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് രണ്‍വീര്‍ സിംഗ് നന്ദി പറയുന്നത്.
കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ്മ, നിശാന്ത് ദാഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്. 2021 ഡിസംബർ 24 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ദീപിക പദുക്കോൺ, കബീർ ഖാൻ, വിഷ്ണു വർധൻ ഇന്ദൂരി, സാജിദ് നദിയാദ്‌വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
https://www.instagram.com/p/CW7q80sByx3/?utm_source=ig_web_copy_link