ഐപിഎൽ മെഗാ ലേലത്തിന് മുമ്പുള്ള ചുരുക്ക പട്ടിക പുറത്ത് വിട്ട് ബിസിസിഐ. 1214 താരങ്ങള്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തതിൽ നിന്ന് 590 പേരെയാണ് മെഗാ ലേലത്തിനായി ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം ശ്രീശാന്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. 44 പുതിയ താരങ്ങളെ ലേലത്തിൽ ചേര്‍ത്തിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. 44 പേരിൽ 11 പേര്‍ ഇന്ത്യയിൽ നിന്നും ആറ് പേര്‍ ന്യൂസിലാണ്ടിൽ നിന്നും അഞ്ച് പേര്‍ ഓസ്ട്രേലിയയിൽ നിന്നുമാണ്. നാല് പേര്‍ വീതം ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്ന് 7 പേരുമുണ്ട്.
10 മാര്‍ക്വീ താരങ്ങളാണ് ലേലത്തിനുള്ളത്. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍. അശ്വിന്‍, ക്വിന്റണ്‍ ഡിക്കോക്ക്, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. അതെ സമയം സൂപ്പർ താരം
ക്രിസ് ഗെയിൽ ഈ വര്‍ഷം ഐപിഎലില്‍ കളിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവരാണ് ഈ വര്‍ഷം ലേലത്തിനില്ലാത്ത മറ്റു രണ്ട് പ്രമുഖ താരങ്ങള്‍. ഫെബ്രുവരി 12, 13 തീയ്യതികളില്‍ ആണ് മെഗാ ലേലം നടക്കുന്നത്.