പൊട്ട് തൊട്ട സുന്ദരിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; ഇന്ത്യക്കാര്‍ക്ക് അഭിമാനമായി സ്വാതി മോഹന്‍

നാസയുടെ അഭിമാന ദൗത്യമായ പൊഴ്‌സിവറന്‍സ് ചൊവ്വയില്‍ ഇറങ്ങിയ വാര്‍ത്തയോടൊപ്പം കണ്ട ദൃശ്യങ്ങളില്‍ പൊട്ടുതൊട്ട ഒരു ശാസ്ത്രജ്ഞയെ മാറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും ഇന്ത്യക്കാര്‍ ശ്രദ്ധിച്ചിരുന്നു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഇന്ന് മുഴുവന്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യന്‍ വംശജയാണെന്ന കാര്യത്തില്‍ അധികം സംശയം ഉണ്ടായിരുന്നില്ല. പൊട്ടുതൊട്ട സുന്ദരിയെ ഗൂഗിളില്‍ കൂട്ടമായി തെരഞ്ഞതോടെ ആ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി മാറി. നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രോജക്ട് ലീഡര്‍ ഡോ. സ്വാതി മോഹനെയാണ് തങ്ങള്‍ തിരഞ്ഞെത് മനസിലാക്കിയ ഇന്ത്യക്കാരുടെ കൗതുകം ഉടന്‍ അഭിമാനത്തിന് വഴി മാറുകയായിരുന്നു.

പൊഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങുന്ന നാടകീയ നിമിഷങ്ങള്‍ക്ക് ലോകം സാക്ഷിയാകുമ്പോള്‍ നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് സ്വാതിയായിരുന്നു. ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യയാണ് പെഴ്‌സിവിയറന്‍സിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായകമായത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത് സ്വാതിയാണ്.

ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഡോ.സ്വാതി മോഹന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയത്. ഏതാണ്ട് ബാല്യം മുഴുവന്‍ ചെലവഴിച്ചത് വടക്കന്‍ വിര്‍ജീനിയയിലും വാഷിങ്ടണ്‍ ഡി.സിയിലുമായി. പ്രപഞ്ചത്തിലെ വ്യത്യസ്തവും മനോഹരവുമായ പ്രദേശങ്ങളെ അറിയണമെന്ന് തോന്നിയത് ഒമ്പതാം വയസില്‍. പതിനാറാമത്തെ വയസിലാണ് എഞ്ചിനീയറിംഗ് തന്റെ വഴിയായി സ്വാതി നിശ്ചയിച്ചത്. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ ആന്റ് ഏയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ സ്വാതി മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബഹിരാകാശ ശാസ്ത്രത്തില്‍ എം.എസ്സും ഡോക്ടറേറ്റും നേടി. പിന്നീട് നാസയുടെ ഒട്ടേറെ പ്രധാനപ്പെട്ട ദൗത്യങ്ങളില്‍ പങ്കാളിയായി. ഒടുവിലിപ്പോള്‍ ഏഴ് മാസത്തിനുള്ളില്‍ 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് പെഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങുമ്പോള്‍ അതിന് നേതൃത്വം നല്‍കിയ ഡോ. സ്വാതി മോഹന്‍ഇന്ത്യക്കാര്‍ക്ക് കൂടി അഭിമാനമായി മാറുകയാണ്