പോരാട്ട ഭൂമിയിൽ ഡോണാൾഡ് ട്രംപ്

തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശക്തമായ പ്രചാരണത്തിൽ. പോരാട്ട സംസ്ഥാനങ്ങളായ നോർത്ത് കരോലീന, ഒഹായോ , വിസ്കോൻസിൻ എന്നിവിടങ്ങളിലാണ് ട്രംപ് ഇപ്പോൾ യാത്ര ചെയ്യുന്നത്. തന്റെ പുതിയ ഹോം സ്റ്റേറ്റായ ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ട്രംപ് യാത്ര തിരിച്ചത്. മറ്റൊരു പ്രധാന സംസ്ഥാനമായ പെൻസിൽവേനിയയിലാണ് ബൈദൻ പ്രചാരണം നടത്തുന്നത്. ഇതിനകം അഞ്ചരക്കോടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. അമേരിക്കയെ സംബന്ധിച്ച് ഇതൊരു റെക്കോഡാണ്. കോവിഡ് സാഹചര്യത്തിലാണ് ഇത്രയധികം പേർ ഏർലി വോട്ടിങ്ങിന് മുതിർന്നത്.

കോവിഡ് മഹാമാരി ബാധിക്കുന്നവരുടെ എണ്ണം ശൈത്യകാലം അടുക്കുന്നതോടെ ക്രമാതീതമായി കൂടുന്നുണ്ടെങ്കിലും ആരാധകർ തിങ്ങിനിറയുന്ന റാലികളുമായി  ട്രംപ് പ്രചാരണം തുടരുകയാണ്. രണ്ടാഴ്ച മുമ്പാണ് കോവിഡ് ഭേദപ്പെട്ട ട്രംപ് വീണ്ടും സജീവമായിത്തുടങ്ങിയത്. തെരഞ്ഞെടുപ്പിന് പത്തു ദിവസം മുമ്പുള്ള പോളുകളിലും എട്ടു പോയിറ്റ് ലീഡാണ് ജോ ബൈദന് ദേശീയ തലത്തിലുള്ളത്. അതേസമയം പ്രധാനപ്പെട്ട പോരാട്ട സംസ്ഥാനങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കുമെന്ന സൂചനകളാണ് പോളും നൽകുന്നത്. വെസ്റ്റ് പാം ബീച്ചിലെ ലൈബ്രറിയിലാണ് ഡോണാൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. ട്രംപ് എന്നു പേരുള്ള ഒരു മനുഷ്യന് ഞാൻ വോട്ട് രേഖപ്പെടുത്തിയെന്ന് പിന്നീട് മആധ്യമപ്രവർത്തകരോട് ഇദ്ദേഹം പറഞ്ഞു.

ഫ്ലോറിഡയാണ് ഏറ്റവും പ്രധാനപ്പെട്ട പോരാട്ട ഭൂമി. അവിടെ ആര് ജയിച്ചാലും പ്രസിഡന്റാകുമെന്ന കണക്കുകൂട്ടലിലാണ് ഇരു പാർട്ടികളും.