ഒമിക്രോൺ ഭീതി ശക്തമായിത്തുടരുന്നതിനിടെ ഇസ്രയേലില്‍ ആദ്യമായി ‘ഫ്ലൊറോണ’ റിപ്പോര്‍ട്ട് ചെയ്‌തു

ആ​ഗോള തലത്തില്‍ ഒമിക്രോൺ ഭീതി ശക്തമായിത്തുടരുന്നതിനിടെ ഇസ്രയേലില്‍ ആദ്യമായി ഫ്ലൊറോണ എന്ന രോ​ഗം റിപ്പോര്‍ട്ട് ചെയ്‌തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുവരുന്ന ഇരട്ട അണുബാധയാണ് ഫ്ലൊറോണ.

പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ 30 വയസ്സുള്ള ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. രോഗം ഭേദമായ യുവതി ആശുപത്രി വിട്ടെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഫ്ലൊറോണ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്ലൊറോണ കോവിഡിന്റെ പുതിയ വകഭേദമല്ല. രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

അതിനിടെ ഇന്ത്യയിൽ ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുകയാണ്. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.