കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കടക്കം വിലക്ക് ബാധകമാണ്. 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് വരാനാവില്ല. തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്.
എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഈ വിഭാഗത്തില്‍ പെടുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടത്. 48 മണിക്കൂറിനിടയിലെ പി സി ആര്‍ നെഗറ്റീവ് ഫലം, പുറപ്പെടുന്നതിന് ആറുമണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് ടെസ്റ്റ് ഫലം, യുഎഇ എയര്‍പോര്‍ട്ടില്‍ വെച്ചുള്ള പിസിആര്‍ ടെസ്റ്റ് എന്നിവ പൂര്‍ത്തിയാക്കിയാലേ രാജ്യത്ത് കടക്കാനാകൂ. ഇങ്ങനെയുള്ള യാത്രക്കാര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്ര വിലക്കിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എയര്‍ലൈനുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇറ്റലി, ജര്‍മനി, യു. കെ. എന്നിവിടങ്ങളിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് നല്‍കിയ പേര്. നിലവിലെ വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതല്ലെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.കഴിഞ്ഞ 14 ദിവസത്തിനിടെ ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പുതിയ ബുക്കിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്ബനികളും സര്‍വീസ് നടത്തില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സര്‍വീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.