ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠന റിപ്പോട്ടുകൾ: ജാഗ്രതയോടെ ലോക രാജ്യങ്ങൾ

ഒമിക്രോണിന് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി മൂന്നിരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്ത പഠനം വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം പറയുന്നു. നേരത്തെ, ഒമിക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ അന്നെ വോൻ ഗോട്ടർബർഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യ ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയില്‍നിന്ന് കലിഫോര്‍ണിയയില്‍ എത്തിയ ആളില്‍ വൈറസ് സ്ഥിരീകരിച്ചതായി അമേരിക്ക.യുഎഇയിലും ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്ന്‌ ഒരു അറബ് രാജ്യം വഴി വന്ന സ്ത്രീയ്ക്കാണ്.

അതെ സമയം ഒമിക്രോണിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അതിര്‍ത്തി അടച്ചത് അറുപതോളം രാജ്യങ്ങളാണ്. വാക്സിനേഷന്‍ വേ​ഗത്തിലാക്കാനും മാസ്ക് കര്‍ശനമാക്കാനും മിക്ക രാജ്യങ്ങളും നടപടി തുടങ്ങി. പതിനെട്ട് വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ഓരോ ആറുമാസത്തിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ഇതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഭക്ഷണശാലകളിലും പൊതുയോഗങ്ങളിലും പ്രവേശനം അനുവദിക്കൂവെന്നും എന്ന് ചിലി അറിയിച്ചു. വാക്സിന്‍ എടുക്കാത്ത അറുപത് വയസ്സ്‌ പിന്നിട്ടവര്‍ക്ക് പ്രതിമാസം 100 യൂറോ പിഴ ഈടാക്കുമെന്ന് ​ഗ്രീസ് അറിയിച്ചു.നെതര്‍ലൻഡ്‌സില്‍ വീണ്ടും അടച്ചിടലും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ നടന്ന പ്രതിഷേധം അക്രമാസക്തമായി. വാക്സിൻ എടുക്കുന്ന 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സ്ലോവാക്യ 500 യൂറോ ബോണസ് പ്രഖ്യാപിച്ചു.