പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കുന്നു; യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ ചട്ടങ്ങളിൽ അടക്കം വലിയ മാറ്റങ്ങളാണ് യു എ ഇ ഏർപ്പെടുത്തുന്നത്.

അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിയന്ത്രണം തുരും. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല. എന്നാൽ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആർ പരിശോധന നടത്തണം. കൊവിഡ് കേസുകളിലെ കുറവാണ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ കാരണം

രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് യുഎഇ നടത്തുന്നത്. ഓരോ എമിറേറ്റുകൾക്കും പ്രാദേശികമായി തന്നെ ക്വാറന്റൈൻ സമയം നിശ്ചയിക്കാം. പള്ളികളിൽ ആളുകൾ തമ്മിൽ ഒരു മീറ്റർ നിയന്ത്രണം തുടരും.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സൗദിയിൽ രോഗവ്യാപനം കുത്തനെ കുറഞ്ഞു. പുതിയ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 664 പേർക്കാണ് സൗദിയിൽ രോഗം ബാധിച്ചത്. നിലവിലെ കൊവിഡ് രോഗികളിൽ 1409 പേർ സുഖം പ്രാപിക്കുകയും ചെയ്തു.