യുഎഇയിൽ പുതിയ കൊവിഡ് കേസുകളിൽ വൻ കുറവ്; ആഗോളതലത്തിൽ 24 ശതമാനം കേസുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ

യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 580 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ചികിത്സയിലായിരുന്ന 699 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,27,878 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അതേ സമയം കഴിഞ്ഞയാഴ്ച 5.4 ദശലക്ഷം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎൻ ആരോഗ്യ ഏജൻസി അറിയിച്ചു. കഴിഞ്ഞയാഴ്ചയേക്കാൾ 24 ശതമാനം കൊവിഡ് കേസുകൾ കുറവു ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ആഫ്രിക്കയിലും യൂറോപ്പിലും ഏകദേശം 40 ശതമാനവും മിഡിൽ ഈസ്റ്റിൽ മൂന്നിലൊന്നും ഉൾപ്പെടെ ലോകത്തിലെ എല്ലായിടത്തും അണുബാധകൾ കുറഞ്ഞതായും റിപ്പോർട്ടുകൾ. എന്നാൽ പടിഞ്ഞാറൻ പസഫിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലും31 ശതമാനവും 12 ശതമാനവും കൊവിഡ് മരണങ്ങൾ ഉയർന്നു