രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വർധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകൾ 44,998 ആയി ഉയർന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,42,10,127 എത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവുമാണ്. മൊത്തം അണുബാധയുടെ 0.10 ശതമാനമാണ് ഇപ്പോൾ ആക്‌ടീവ് കേസുകൾ. മരണനിരക്ക് 1.19 ശതമാനമാണ്
ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേർക്ക് മഹാരാഷ്ട്രയിൽ രോഗബാധയുണ്ടായതായാണ് റിപ്പോർട്ട്. ഒമ്പത് പേർ മരിച്ചു. നിലവിലെ സാഹചര്യത്തിൽ അടുത്ത 10-12 ദിവസത്തിൽ കൊവിഡ് കേസുകൾ വർധിക്കുമെന്നും ശേഷം കുറവുണ്ടാകുമെന്നുമാണ് ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്കുകൂട്ടൽ.