രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്‌നാട്ടിൽ 748, ബംഗാളിൽ 679, കർണാടകയിൽ 630 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം ഡൽഹിയിൽ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും ചികിത്സയ്ക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സിനേഷന്റെ തോത് കൂട്ടണം. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയണം. ഉത്സവങ്ങളുടെയും തീർഥാടനങ്ങളുടെയും മാസങ്ങളാണ് വരാനിരിക്കുന്നത്. ഇത് അന്തഃസംസ്ഥാനയാത്രകൾക്കു കാരണമാകും. അതിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു.