വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. ലോക സിനിമയെ ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് നവതരംഗ സിനിമയുടെ പതാകാ വാഹകരില്‍ ഒരാളായിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‍ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോകസിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാര്‍ദിന് ആയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു. ഗൊദാര്‍ദിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍: എ വുമണ്‍ ഈസ് എ വുമണ്‍ (1961), വിവറാസീവി (1962), ആല്‍ഫാവില്ലെ (1965), മസ്കുലിന്‍ ഫെമിനിന്‍ (1966).
1930 ഡിസംബര്‍ 3ന് പാരീസിലെ ധനികമായ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി ജനിച്ച ഗൊദാർദിന്റെ പിതാവ് റെഡ്‌ക്രോസില്‍ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാര്‍ദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം പാരീസിലെ സോര്‍ബണ്‍ യുണിവേഴ്‌സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി. ഇതിനിടയില്‍ ഫിലിം ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.
അന്‍പതുകളുടെ അവസാനം കയേ ദു സിനിമ എന്ന ഫ്രഞ്ച് ചലച്ചിത്ര മാസികയില്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയുമായുള്ള ബന്ധം ഗൊദാര്‍ദ് ആരംഭിക്കുന്നത്. അക്കാലത്തെ ഫ്രഞ്ച് സിനിമയിലും ഹോളിവുഡിലും മാധ്യമം എന്ന നിലയിലും ഉള്ളടക്കത്തിലും യാഥാസ്ഥിതികത്വം ദര്‍ശിച്ച ഗൊദാര്‍ദ് അതിന്‍റെ കടുത്ത വിമര്‍ശകനായിരുന്നു. ഫ്രാന്‍സ്വ ത്രൂഫോയടക്കം കയേ ദു സിനിമയിലെ സ്ഥിരം എഴുത്തുകാരില്‍ പലരും ഏറെ വൈകാതെ സിനിമാ സംവിധാനത്തിലേക്ക് എത്തി. സിനിമയെക്കുറിച്ച് എഴുത്തിലൂടെ താന്‍ വിനിമയം ചെയ്‍ത ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ആദ്യ ചിത്രമായ ബ്രെത്ത്‍ലെസിലൂടെത്തന്നെ ഗൊദാര്‍ദിന് കഴിഞ്ഞു.