Book Review: പുറ്റ് മഹത്തായ ജീവിതങ്ങളുടെ കഥയല്ല, യഥാർത്ഥമായ ജീവിതത്തിൻ്റെ കഥയാണ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കു ശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് ‘പുറ്റ്’, കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ‘പുറ്റി’നെ’ കുറിച്ച് അധ്യാപകനും, എഴുത്തുകാരനുമായ നാസിർ കെ സി എഴുതുന്നു …….

പറുദീസ നഷ്ടപ്പെട്ടവൻ്റെ പാലായനത്തിൻ്റെയും കുടിയേറ്റത്തിൻ്റെയും പേരാണ് ജീവിതം. ഒട്ടും ആയാസരഹിതമോ അയത്നലളിതമോ ആയിരുന്നില്ല അത്. തോറ്റും തോൽപ്പിച്ചും പടവെട്ടിപ്പിടിച്ചും തകർന്ന് കുത്തുപാളയെടുത്തും അതങ്ങനെ മുന്നോട്ടു പോയി. ഒന്നും രണ്ടുമായി ആരംഭിച്ച കുട്ടിയേറ്റങ്ങൾ ശതവും സഹസ്രവും പരസഹസ്രവുമായി പെരുകി. ഒരു പുറ്റിൽ നുളയ്ക്കുന്ന ഉറുമ്പുകളെപ്പോലെ തലങ്ങും വിലങ്ങും നടക്കുന്ന മനുഷ്യക്കൂട്ടങ്ങളുമുണ്ടായി. ലക്ഷ്യ രഹിതമായി തോന്നുമെങ്കിലും ഓരോ ഉറുമ്പിൻ്റെ ചലനത്തിലും കൃത്യമായ ലക്ഷൃങ്ങൾ നിഹിതമായിട്ടുണ്ട്. അത് കൂടു തേടി സഞ്ചരിക്കുകയോ ആഹാരം അന്വേഷിച്ച് ഉഴറി നടക്കുകയോ ആണ്. അത്ര പോലും ലക്ഷ്യ കേന്ദ്രീകൃതമല്ലാത്ത ഒരു ജീവിതമാണ് നമ്മൾ മനുഷ്യർ നയിക്കുന്നത് എന്നു ചിലപ്പോൾ തോന്നും. പുറപ്പാട് ആദിമമായ ഒരു വാഗ്ദാനമാണ്. അതിൻ്റെ പ്രലോഭനങ്ങളിൽ നിന്ന് നമുക്ക് അകന്നു നിൽക്കാനാവില്ല. പാപം ചെയ്യാനുള്ള പ്രലോഭനം പോലെ തന്നെയാണത്. എത്ര നൻമയിൽ ജീവിക്കുമ്പോഴും പാപം ചെയ്യാനുള്ള പ്രലോഭനം നമ്മളെ പിന്തുടർന്നു കൊണ്ടിരിക്കും. എല്ലാ പറുദീസാ നഷ്ടങ്ങളും അതിൻ്റെ തുടർച്ചയാണ്.

പാപം ചെയ്തോ ചെയ്യാതെയോ പറുദീസ നഷ്ടപ്പെട്ടവരുടെ കഥയാണ് പുറ്റ്. പെരുമ്പാടി എന്ന സങ്കല്പ ഗ്രാമത്തിൻ്റെ കഥയാണത്. നരകത്തിൽ നിന്നു വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രകൃതിയിലെ ആ പ്രത്യേക ഇടത്തിലേക്ക് ആദ്യം എത്തിച്ചേരുന്നത് ഒരു അപ്പനും മകളുമാണ്. സത്യത്തിൽ അവർ എത്തിച്ചേരുകയായിരുന്നില്ല, ആരും ഇല്ലാത്ത ഒരിടത്തിലേക്ക്, ആരും കാണാത്ത ഒരിടത്തേക്ക് ഒളിച്ചോടുകയായിരുന്നു. സഹോദരൻ്റെ രക്തം ചിന്തിയ കായേനെപ്പോലെ ദൈവത്തിൻ്റെ ദൃഷ്ടി പതിയാത്ത, ദൈവജനം എത്തിച്ചേരാത്ത ഒരിടം കണ്ടെത്തുകയായിരുന്നു അയാൾ. ചോരയേക്കാൾ കാഠിന്യമുള്ള ഒരു പാതകമാണ് അയാൾ ചെയ്തത്. സ്വന്തം പുത്രിയുടെ ഉദരത്തിൽ നിന്ന് അയാൾ തൻ്റെ സന്താനത്തെ പുറപ്പെടുവിച്ചു. ഇങ്ങനെ സമൂഹം പുറന്തള്ളുകയോ അപഭ്രമണം മൂലം സ്വയം പുറത്താവുകയോ ചെയ്ത മനുഷ്യരുടെ ഇടമാണ് പെരുമ്പാടി. മനസ്സിൻ്റെ അബോധതലം പോലെ കുറ്റവാസനകളും ദുർമോഹങ്ങളും വന്നടിയാനുള്ള സമൂഹത്തിൻ്റെ അധോമണ്ഡലമാണത്. ഒരർത്ഥത്തിൽ എല്ലാ മനുഷ്യൻ്റെ ഉള്ളിലും പെരുമ്പാടിയുടെ ഒരു സൂക്ഷ്മസ്ഥലമുണ്ട്. ഈ സൂക്ഷ്മ രൂപങ്ങൾ ചേർത്താണ് നോവലിലെ ഇമ്മിണി വലിയ പെരുമ്പാടിയുണ്ടാകുന്നത്. അതുകൊണ്ട് പെരുമ്പാടി നമ്മളെ സംബന്ധിച്ച് ഒരന്യദേശമല്ല. നമ്മുടെ മാതൃദേശം തന്നെ. പുറ്റ് നമ്മുടെ മാതൃദേശത്തിൻ്റെ ചരിത്രമാകുന്നത് അങ്ങനെയാണ്. പുറ്റിൻ്റെ വായന ദുരന്തങ്ങൾ സംഭവിച്ച ഇരുണ്ട ഇടങ്ങളിലൂടെ നടത്തുന്ന ഡാർക് ടൂറിസമാകുന്നു. അഗ്നി കൊണ്ടും ശിലാ വർഷം കൊണ്ടും ദൈവം തകർത്തു കളഞ്ഞ ബൈബിൾ നഗരമാണത്. പാപത്തിൻ്റെ നഗരമായ സോദോം ഗൊമേറ. ദൈവത്തിന് സോദോം ദേശത്തെ മാത്രമേ തകർക്കാനാവൂ. അതിൻ്റെ സംസ്കാരത്തെ തകർക്കാനാവില്ല. കാരണം അത് മനുഷ്യനോടൊപ്പം അവൻ്റെ രക്തത്തിലൂടെ സഞ്ചരിക്കുന്നു.

വ്യവസ്ഥാപിതമായ എല്ലാറ്റിൻ്റെയും കീഴ്മേൽ മറിച്ചിലാണ് പെരുമ്പാടി. വിശുദ്ധം എന്നു വിളിക്കാവുന്ന ഒന്നും അവിടെയില്ല. അവിടത്തെ സഭ (കൃസ്തീയ) അധോസഭയാകുന്നു. കാമം, ലോഭം, മോഹം എന്നിവയാൽ നയിക്കപ്പെടുന്ന പൗരോഹിത്യമാണ് അതിൻ്റെ ഉടമകളും നായകരും. ഒരു പക്ഷെ, വിശുദ്ധി കൈയെത്തിപ്പിടിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്ന ഒരാൾ ജറമിയാസ് പോളാണ്. അഗമ്യമായ ഒരു ബന്ധത്തിൽ നിന്നാണ് അയാളുടെ കുടുംബ ചരിത്രം ആരംഭിക്കുന്നത്. പത്നീ സഹോദരിയെ പ്രാപിച്ചവനാണ് അയാളുടെ കുടുംബനായകൻ. തെറ്റായി സ്ഥാപിച്ച മൂലക്കല്ലിൻമേൽ പണിത കെട്ടിടം. പാപത്തിൻ്റെ ആ കറ കഴുകിക്കളയാൻ അയാൾ ജീവിതകാലം മുഴുവൻ പരിശ്രമിക്കുന്നു. പെരുമ്പാടിയിലെ കുടുംബങ്ങളിലെ വിള്ളലടയ്ക്കുന്ന കല്ലാശാരിയായി അയാൾ പ്രവർത്തിക്കുന്നു. മരക്കുരിശു കൊണ്ട് ഒരു സഭ പണിഞ്ഞ മറ്റേ ആശാരിയുടെ നേരവകാശിയായി അയാൾ മാറുന്നത് നമ്മൾ കാണുന്നുണ്ട്. എങ്കിലും ഒടുവിൽ അയാൾ വീണുപോകുന്നു. ഏദനിൽ നിന്നു പുറപ്പെട്ട ആ പാമ്പ് അയാളെയും ദംശിക്കാതെ പോകുന്നില്ല. ജറമിയാസ് പോൾ എന്ന പെരുമ്പാടിക്കാരുടെ തിരുവവതാരത്തിൻ്റെ അന്ത്യമായിരുന്നു അത്.

പുറ്റ് പെരുമ്പാടിയുടെ സുവിശേഷമാകുന്നു. ഒരു പക്ഷെ, പെരുമ്പാടിക്കു പുറത്തുള്ളവരുടെയും. പെരുമ്പാടി ഒരു സങ്കല്പഗ്രാമമായിരിക്കാം. ചിലപ്പോഴെങ്കിലും യാഥാർത്ഥ്യത്തേക്കാൾ കടുത്ത യാഥാർത്ഥ്യവും. സത്യത്തിൻ്റേയും വസ്തുതയുടേയും ഭാരം താങ്ങാനാകാതെ സാങ്കൽപ്പികതയിലേക്കു വീണു പോവുകയാണത്. കാരണം തനിക്കു ചുറ്റും കഥാകൃത്ത് കാണുന്ന ജീവിതത്തിൻ്റെ ഇരുണ്ട നിറങ്ങൾ ചേർത്താവണം ആ കഥ മെനഞ്ഞിട്ടുണ്ടാവുക എന്ന് ഏറെക്കുറെ ഉറപ്പാണ്. അനിവാര്യമായ കാരണങ്ങളാൽ കഥാകൃത്ത് ആ വസ്തുതയെ നിഷേധിക്കുന്നു എന്നു മാത്രം. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തീർത്തും സാങ്കൽപ്പികമാണ് എന്ന് അയാൾ ആണയിടുന്നുണ്ട്. എല്ലാ കഥകളും സങ്കൽപ്പനങ്ങളുടെ വ്യവഹാരമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ആവർത്തിച്ചുള്ള ആണയിടലിൽ അയാൾക്ക് സഹജമായ ഒരു കുരുത്തക്കേട് ഒളിഞ്ഞിരിക്കുന്നുണ്ട്. ആണയിടലിൻ്റെ കരുത്തു കൊണ്ട് അയാൾ അതിൻ്റെ വിപരീതത്തെ സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. നമുക്ക് നേരെ ഒരു കണ്ണാടി പിടിച്ചിട്ട് ഈ കണ്ണാടിയിൽ കാണുന്നത് നിങ്ങളല്ല എന്ന് നമുക്ക് ഉറപ്പു തരുന്നു.

പുറ്റ് ആദിമമായ അതേ വത്മീകമാണ്, അത് ഒരു ആവാസവ്യവസ്ഥ മാത്രമല്ല,നമ്മുടെ ആന്തരിക യാഥാർത്ഥ്യങ്ങളെ പൊതിഞ്ഞു പിടിക്കുക കൂടി ചെയ്യുന്നു. എല്ലാ പുറ്റിനകത്തും ഒളിഞ്ഞിരിക്കുന്ന സങ്കല്പമാണ് പെരുമ്പാടി.

നന്ദി പൗരോഹിത്യമേ നന്ദി.
………………
വേണമെങ്കിൽ വിവാദമാക്കാവുന്ന ധാരാളം ഭാഗങ്ങൾ നോവലിലുണ്ട്. അതൊക്കെ തൻ്റെ വൃത്തികെട്ട ഭാവന മാത്രമാണെന്ന് ഒളിഞ്ഞു നിൽക്കാനുള്ള ഒരു കുഞ്ഞു പുറ്റുണ്ടാക്കി നോവലിൻ്റെ മുഖവുരയിൽ ചേർക്കുകയാണ് വിനോയ് ആദ്യം ചെയ്യുന്നത്. നോവലിസ്റ്റ് പറഞ്ഞ ഈ പച്ചക്കള്ളം വിശ്വസിച്ചതുകൊണ്ടോ, വിവാദമുണ്ടാക്കി കൂടുതൽ വായനക്കാരെ നോവലിലേക്ക് ആകർഷിക്കണ്ട എന്ന പ്രായോഗിക ബുദ്ധികൊണ്ടോ മതവും അതിൻ്റെ ജീവനക്കാരും നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്. അതുകൊണ്ട് നോവൽ ഇപ്പോഴും ജീവനോടെയുണ്ട്. ഖസാക്കിനു ശേഷം മനുഷ്യൻ്റെ യാഥാർത്ഥ്യങ്ങളെ ഇത്രമാത്രം ഭാവനാത്മകമായി അവതരിപ്പിച്ച നോവലുകൾ അധികമില്ല. യാഥാർത്ഥ്യങ്ങൾ എപ്പോഴും യാഥാർത്ഥ്യങ്ങളായി നില നിൽക്കുന്നില്ല. ചിലപ്പോഴെങ്കിലും അത് ഭാവനയേക്കാൾ വിചിത്രമായിത്തീരുന്നു. ആ വൈചിത്ര്യങ്ങളിളെ നിർദ്ദയം അവതരിപ്പിക്കുകയാണ് വിനോയ് തോമസ് ചെയ്യുന്നത്. ഭാവന യാഥാർത്ഥ്യങ്ങളേക്കാൾ അപകടകരമാണ്. മീൻ അറിയാതെ വിഴുങ്ങിപ്പോകുന്ന ചൂണ്ടയാണത്. ജീവനെടുത്തേ തീരിച്ചു അത് തിരിച്ചുപോകൂ. അത് മനസ്സിലാക്കിയാവണം ആ ചൂണ്ടയിൽ കൊത്താതിരിക്കാനുള്ള ബുദ്ധി പുരോഹിതൻമാർ കാണിച്ചത്

മറ്റെല്ലാ ഇടങ്ങളും എന്നതു പോലെ പെരുമ്പാടിയും വികസിച്ചിട്ടുണ്ട്. അവിടെ വലിയ കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും പുതിയതരം വണ്ടികളും വക്കീലൻമാരും ഉണ്ടാകുന്നുണ്ട്. പഴയ ഓലപ്പള്ളിക്കു പകരം കോൺക്രീറ്റിൽ തീർത്ത ബഹുനിലപ്പള്ളി വരുന്നു. എന്നാൽ അതൊന്നും റാഡിക്കലായ ഒരു മാറ്റമല്ല. തലേന്നു രാത്രി നീറുകുഴിയച്ചനും പോളും വീണവായിച്ചു കിടന്ന കട്ടിൽ പിറ്റേന്ന് കുർബാന കൂടാൻ നേരം അൾത്താരയാകുന്നതു പോലെ മാറ്റം സാങ്കേതികം മാത്രം. അടിസ്ഥാന പരമായി ഒന്നും മാറുന്നില്ല. മനുഷ്യൻ പഴയ മനുഷ്യൻ തന്നെ. ആദിയിൽ സ്വർഗ്ഗത്തിൽ വച്ച് കഴിച്ച പാപത്തിൻ്റെ കനി ഇപ്പോഴും അവൻ്റെ വയറ്റിൽ ദഹിക്കാതെ കിടക്കുന്നു. അവൻ സ്വാർത്ഥിയും പാപിയും ആനന്ദാന്വേഷിയുമായിത്തുടരുന്നു. പുറ്റ് മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം ഇതാണ്.

ലൂയീസ് കോൺട്രാക്റ്റർ പണിത റിസോർട്ടിൻ്റെ പേര് പുറ്റ് എന്നാകുന്നതും അതിൻ്റെ ആന്തരികവും ബാഹ്യവുമായ ഘടന പുറ്റിൻ്റെ രൂപത്തിലാകുന്നതും ഒട്ടും യാദൃശ്ചികമായിരുന്നില്ല. വലിയ അർത്ഥങ്ങൾ കൽപ്പിക്കാനില്ലാത്ത ഉറുമ്പു ജീവിതത്തിൽ നിന്ന് നാം ഒട്ടും മാറിയിട്ടില്ല. അതിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കാമെന്നല്ലാതെ അത് പൂർണ്ണമായി ഉപേക്ഷിക്കാനാവില്ല. ലൂയീസിൻ്റെ ‘പുറ്റ്’ എപ്പോഴും നിറഞ്ഞു കവിയുന്നത്, അത് സഞ്ചാരികളുടെ പറുദീസയാകുന്നത് അതുകൊണ്ടാണ്. ഒട്ടും വളരാതെ പോയ മനുഷ്യരാണ് നാം. നാം വളരുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് നമ്മുടെ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും നിലനിൽക്കുന്നതു തന്നെ. അതിശയകരമായ കൈയടക്കത്തോടെ പുറ്റിൻ്റെ കഥാകാരൻ ഇത് നമ്മളോടു പറയുന്നു. അതു കൊണ്ട് പുറ്റ് മഹത്തായ ജീവിതങ്ങളുടെ കഥയല്ല, യഥാർത്ഥമായ ജീവിതത്തിൻ്റെ കഥയാണ്. ഒട്ടും എഡിറ്റു ചെയ്യാത്ത ജീവിതങ്ങളുടെ കഥ.