• inner_social
  • inner_social
  • inner_social

ട്രംപിനെ തിരുത്തി ബൈഡൻ

അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റ് ആയി അധികാരമേറ്റതിന് പിന്നാലെ തന്റെ മുൻഗാമി ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ഓരോന്നായി തിരുത്തുകയാണ് ജോ ബൈഡൻ.

ജനുവരി ഇരുപതിന്‌ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം, ഇതുവരെ മുപ്പതിലധികം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് പ്രസിഡന്റ് ബൈഡൻ ഒപ്പിട്ടത്.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിൻമാറാനുള്ള ട്രംപിന്റെ തീരുമാനം തിരുത്തിയതും ആഗോളതാപനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ തടയാൻ ലക്ഷ്യമാക്കിയുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും ചേർന്നതും ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.

ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ‌ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ എടുത്തുമാറ്റിയതാണ് ആഗോളതലത്തിൽ ശ്രദ്ധേയമായ മറ്റൊരുത്തരവ്.

കോവിഡിനെ പ്രതിരോധിക്കുന്നതിനു വേണ്ടി പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ടെങ്കിലും കോവിഡ് പടർന്ന് പിടിച്ചു കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരിക്കാൻ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജോ ബൈഡൻ ആവർത്തിച്ചു വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക്‌ ഉടൻ സഹായമെത്തിക്കുന്നതിനുള്ള അടിയന്തര നിർദ്ദേശങ്ങളാണ് ജോ ബൈഡൻ നൽകിയിരിക്കുന്നത്. 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പദ്ധതി കോൺഗ്രസിന്റെ പിന്തുണയോടെ പ്രാബല്യത്തിൽ വരുത്താനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നത് .

ഡ്രീമേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ മക്കളെ സംരക്ഷിക്കാൻ ഉത്തരവിട്ടതും, കൃത്യമായ രേഖകകളില്ലാതെ അമേരിക്കയിൽ താമസിക്കുന്നവർക്ക്‌ പൗരത്വം നല്‍കാനുള്ള നടപടികള്‍ക്ക് മുൻകൈ എടുക്കുന്നതും, മെക്സിക്കോ അതിർത്തിയിൽ കെട്ടുന്ന മതിലിനു വേണ്ടിയുള്ള ഫണ്ട് നിർത്തി വെയ്ച്ചതും, കുടിയേറ്റത്തിന് അനുകൂലമായ ഭരണമാണ് ബൈഡന്റെ നേതൃത്വത്തിൽ ഉള്ളതെന്ന് വ്യക്തമാക്കുന്നു.

തൊഴിൽ വിസയിലുള്ളവരെ പ്രതികൂലമായി ബാധിച്ച ട്രംപിന്റെ നയങ്ങൾ ബൈഡൻ തിരുത്തുമെന്ന പ്രതീക്ഷ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കുണ്ട്. ഗ്രീന്‍ കാര്‍ഡു കിട്ടാൻ വേണ്ടിയുള്ള നീണ്ട കാലത്തെ കാത്തിരിപ്പിനു അവസാനമായേക്കാവുന്ന നയങ്ങളാണ് ബൈഡൻ ഭരണകൂടത്തിന്റേത് എന്നതും ഇന്ത്യക്കാർക്ക് ഉണർവേകിയിട്ടുണ്ട്.