പുതുവര്‍ഷത്തില്‍ യുഎഇയില്‍ പിറന്നത് നിരവധി കുഞ്ഞുങ്ങള്‍. ഇതില്‍ ഏറ്റവും ആദ്യത്തെ കണ്‍മണിയായി പ്രവാസി മലയാളി ദമ്പതികളുടെ കുഞ്ഞ്.
അബുദാബിയിലെ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അര്‍ധരാത്രി കൃത്യം 12 മണിക്കാണ് മലയാളി ദമ്പതികളുടെ കുഞ്ഞ് ജനിച്ചത്. എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ ഖലീഫ സിറ്റിയിലെ നഴ്‌സായ എല്‍സ കുര്യന്റെയും സായിദ് മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന തോമസ് അലക്‌സാണ്ടറിന്റെയും രണ്ടാമത്തെ കുട്ടിയായ കിയോണ്‍ ആണ് 2022ല്‍ യുഎഇയില്‍ ആദ്യം പിറന്ന കുഞ്ഞ്.
മാനവരാശിക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനത്തിനും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കൊവിഡ് മുന്നണിപ്പോരാളികള്‍ക്കായി പ്രയത്‌നിക്കാന്‍ സാധിച്ചതിനും പ്രതിഫലമായി ദൈവം സമ്മാനിച്ച സന്തോഷമാണിതെന്ന് എല്‍സ പറഞ്ഞു. കുഞ്ഞിന് 2.99 കിലോഗ്രാം ഭാരമുണ്ടെന്ന് എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സുനിത ഗുപ്ത പറഞ്ഞു.
അതേസമയം, ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ ഇന്ത്യന്‍ ദമ്പതികളായ മുഹമ്മദ് അബ്ദുല്‍ അല്‍മാസ് അന്‍സാരിക്കും അഫ്‌സിയ സുല്‍ത്താനയ്ക്കും അര്‍ദ്ധരാത്രിയില്‍ ആണ്‍കുഞ്ഞ് പിറന്നു. മുഹമ്മദ് അഷര്‍ എന്നാണ് കുഞ്ഞിന് ദമ്പതികള്‍ പേരിട്ടത്. പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് സന്തോഷവും നന്ദിയും ഉണ്ടെന്ന് മാതാപിതാക്കളായ അന്‍സാരിയും അസ്ഫിയയും പറഞ്ഞു.