ലോക കേരളസഭ മൂന്നാം സമ്മേളനം; കേരളം രാഷ്ട്രത്തെ നയിക്കുകയാണിവിടെ, ലിഷാർ ടി പി എഴുതുന്നു

ജൂൺ 16, 18 തിയതികളിലായി നടക്കുന്ന ലോക കേരള സഭയിലേക്ക് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്ക് മുമ്പായി വെള്ളിയാഴ്ച്ച എന്റെ സഹപ്രവർത്തകരോടൊപ്പം സിയാറ്റിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു. എന്റെ സഹപ്രവർത്തകരിൽ രണ്ടു പേർ അമേരിക്കക്കാരും രണ്ടു പേർ ഇന്ത്യക്കാരുമായിരുന്നു. കേരളത്തിന്റെ വികസനം കേന്ദ്രീകരിച്ച് സർക്കാർ സംഘടിപ്പിക്കുന്ന കോൺഫറൻസിലേക്ക് എന്നെ ക്ഷണിച്ച വിവരവും അതിനായി ഞാനെന്റ സംസ്ഥാനമായ കേരളത്തിലേക്ക് പോവുകയാണെന്നും അവരോട് പറഞ്ഞു.

കേരളം സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിഞ്ഞ ഉത്തർ പ്രദേശിൽ നിന്നും കർണാടകയിൽ നിന്നുമുള്ള എന്റെ ഇന്ത്യൻ സഹപ്രവർത്തകർ അതിശയപ്പെട്ടു. എന്റെ അമേരിക്കൻ സഹപ്രവർത്തകരും ഇതേ കുറിച്ച് അറിയാൻ ആവേശഭരിതരായി. ഇതവർക്ക് ഇന്ത്യയെ കുറിച്ച് പുതിയൊരു കാഴ്ച്ചയും കാഴ്ച്ചപ്പാടും നൽകി. ഈ കോൺഫറൻസിലെ എന്റെ കർത്തവ്യത്തെ കുറിച്ച് ഇന്ത്യൻ സഹപ്രവർത്തകർ ചോദിക്കുകയുണ്ടായി. അമേരിക്കയിൽ ജീവിക്കുന്ന മലയാളികളിൽ നിന്നും ഞാൻ ശേഖരിച്ചതും തയാറാക്കിയതുമായ 100 പ്രൊപ്പോസലുകളെ കുറിച്ച് അവരോട് പറഞ്ഞു. ഇതിലാകട്ടെ, സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖല മുതൽ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ഇ-ഗവർണൻസ് തുടങ്ങിയ മേഖലകളിലെ വികസനത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിൽ കൊകൊസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പിൽ ഞാൻ നിക്ഷേപം നടത്തിയിരിക്കുന്ന കാര്യം അവരോട് പറഞ്ഞു. ഈ സ്റ്റാർട്ട്അപ്പിന്റെ ഉദ്ദേശം ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയുളള AI കോഡിങ്ങ് + റോബോട്ടിക്സ് പാഠ്യപദ്ധതി വികസിപ്പിക്കുക എന്നതാണ്. അമേരിക്കയിലും ഇന്ത്യയിലുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വിദഗ്ധരാണ് ഇത് നിർവഹിക്കുന്നത്.

ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജുക്കേഷൻ (CBSE) എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസം അവതരിപ്പിക്കുകയും അതിനായുള്ള പാഠ്യപദ്ധതി രൂപരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2022-23 അക്കാദമിക് വർഷത്തിലേക്കായി ഇന്ത്യ, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 15000- ത്തിലധികം വിദ്യാർത്ഥികൾ കൊകൊസ് വികസിപ്പിച്ച Al കോഡിങ്ങ് പഠിക്കാനായി തയ്യാറാണ്.

കേരളത്തിൽ നിലനില്ക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ മികവിനെ കുറിച്ചും അത് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ സംബന്ധിച്ചും ഇന്ന് ഞങ്ങളോരോരുത്തരും എത്തിച്ചേർന്നു നിൽക്കുന്ന പദവികളിലെത്താൻ ഈ വിദ്യാഭ്യാസക്രമം എത്രത്തോളം സഹായകരമായി എന്നും ഞാനവരോട് വിശദീകരിച്ചു. ഞങ്ങളുടെ ജീവിതത്തെ പടുത്തുയർത്താൻ സഹായിച്ച സമൂഹത്തിന് തിരിച്ചും എന്തെങ്കിലും ഗുണപ്രദമായി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതുക്കൊണ്ട് തന്നെ ഞങ്ങളുടെ കോർപ്പറേറ്റ് റസ്പോൺസിബിലിറ്റിയുടെ ഭാഗമായി കേരള സർക്കാറിനു AI പാഠ്യപദ്ധതി തയ്യാറാക്കാൻ ഞങ്ങളുടെ സേവനം സൗജന്യമായി കേരള സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കൊകൊസിലൂടെ നൽകുന്നു.

ഇതു കേട്ട ഇന്ത്യൻ സഹപ്രവർത്തകർ ആശ്ചര്യപ്പെട്ടു. ലോക കേരള സഭയോട് സമാനമായി ഒരു പരിപാടി സംഘടിപ്പിക്കാനായി കർണാടക ഗവണ്മന്റിന് ഒരു നിർദ്ദേശം നൽകാനുള്ള സാധ്യതയെ കുറിച്ച് കർണാടക സ്വദേശി ആലോചിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള സുഹൃത്താകട്ടെ, ഇത്തരമൊരു ഒത്തുച്ചേരൽ സംഘടിപ്പിക്കുന്ന കേരള ഗവണ്മെന്റിനെ ആവോളം പുകഴ്ത്തി. അവർ ഈ പരിപാടിയിൽ ആകൃഷ്ടരായി എന്നത് വളരെ വ്യക്തമായിരുന്നു.

മലയാളികളല്ലാത്തവർ എങ്ങനെയാണ് ലോക കേരള സഭയെ നോക്കിക്കാണുന്നതെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ ഉച്ചഭക്ഷണ സമയത്തെ സംഭാഷണം ഇവിടെ വിശദീകരിച്ചത്. ശാസ്ത്രജ്ഞരും ഐ ടി പ്രൊഫഷണൽസും ആരോഗ്യ പ്രവർത്തകർ , വിദ്യാഭ്യാസ പ്രൊഫഷണലുകളും, മന്ത്രിമാരെയും പാർലമെന്റ് നിയമസഭ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും, വ്യവസായ സംരംഭകർ, കുടിയേറ്റ തൊഴിലാളികൾ , വീട്ടുജോലിക്കാർ, അസോസിയേഷൻ ഭാരവാഹികൾ, യൂണിവേസിറ്റിയിൽ നിന്നുള്ള പ്രൊഫസർമാരും ഗവേണഷണ വിദ്യാർത്ഥികളും , ഐക്യരാഷ്ട്ര സഭയിൽ നിന്നുള്ള ഉദ്യോഗസ്ഥരും , ചലച്ചിത്ര സംവിധായകർ, ശബ്ദ എഞ്ചിനീയർമാർ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിൽ സർവ കോണിൽ നിന്നുമുള്ള, ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള പ്രതിനിധികൾകൾ ലോക കേരള സഭ എന്ന സമാനതളില്ലാത്ത ആശയത്തിന്റെ ഭാഗമാകാൻ, ഈ ദ്വിദിന പരിപാടിയിൽ പങ്കെടുക്കുവാൻ കേരള സംസ്ഥാനത്ത് എത്തിച്ചേർന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന ഇവർ സംസ്ഥാനത്തെ മന്ത്രിമാരെയും പാർലമെന്റ് നിയമസഭ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിവിധ സെഷനുകളിൽ വെച്ചു കണ്ടുമുട്ടി. സമൂഹത്തിൽ വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയവരുടെയും അതുപോലെ തന്നെ സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തോടും സംവാദത്തോടു കൂടിയും സംസ്ഥാനത്തിന്റെ ഭാവി വികസന അടിത്തറ സൃഷ്ടിക്കാനുള്ള ചർച്ചാ വേദി നിർമ്മിക്കുന്ന, ഈ നൂതന ആശയം ഒരു പുരോഗമന ഭരണ നിർവ്വഹണത്തിന് മാത്രം സാധ്യമായതാണ്. പങ്കെടുത്തവർ അവർ വന്ന ഇടങ്ങളിൽ കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. ഓരോ ക്ഷണിതാക്കളും സംസ്ഥാന തലസ്ഥാനത്ത് തങ്ങളുടെ സ്വന്തം ചെലവിലാണ് വന്നത്. ഭക്ഷണവും താമസ ചെലവും ഗവണ്മെന്റും നിർവഹിച്ചു.

ലോക കേരള സഭ 2022 ലെ ആകെ 160 ക്ഷണിതാക്കളിൽ ഒരാളായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. 65 രാജ്യങ്ങളിൽ നിന്നായാണ് പങ്കെടുക്കുന്നവരെ തെരെഞ്ഞെടുത്തത്. ലുലു ഗ്രൂപ്പിലെ എം.എ. യു സ്ഥലി, ആസ്റ്ററിലെ ഡോക്ടർ ആസാദ് മൂപ്പൻ, റാവിസിലെ രവി പിള്ള തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലുള്ള വ്യവസായ പ്രമുഖരെയും ഉന്നത വിജയം കൈവരിച്ചവരെ കാണാനും സംവദിക്കാനുമുള്ള ഒരു അപൂർവ അവസരമായിരുന്നു അത്. ഒരേ സമയം ഈ സഭ മുകളിൽ സൂചിപ്പിച്ച പോലെയുള്ള വ്യവസായ പ്രമുഖരെയും അതേസമയം മിഡിൽ ഈസ്റ്റിൽ വീട്ടു ജോലി ചെയ്യുന്ന എലിസബത്തിനെ പോലെ ഉള്ളവരെയും ഉൾകൊള്ളുന്നതായിരുന്നു. പട്ടിക പിന്നെയും നീളുന്നു. അങ്ങനെ വിശാലമായി കിടക്കുന്ന മലായാളി പ്രവാസികൾ മുഴുവൻ രണ്ടു ദിവസത്തേക്ക് ഒരു സ്ഥലത്ത് കൂടിച്ചേരുകയും സംവദിക്കുകയും ചെയ്യുന്നത് വളരെ അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. 2020 ലെ ലോക കേരള സഭയുടെ ഭാഗമാകുവാനും എനിക്ക് സാധിച്ചിരുന്നു. 2022 ലോക കേരള സഭയിൽ എനിക്ക് അറിയുന്ന ഒത്തിരി മുഖങ്ങൾ ഉണ്ടായിരുന്നു.

നിശാഗന്ധി ഓപൺ ഓഡിറ്റോറിയത്തിൽ വെച്ച് പതിനാറാം തീയതി വൈകുന്നേരം 5 മണിക്ക് 2022 ലോക കേരള സഭയുടെ ഉദ്ഘടന ചടങ്ങുകൾ നടന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഉദ്ഘാടനം ചെയ്തത്. അതോടനുബന്ധിച്ച് ഒരു സാംസ്കാരിക പരിപാടിയും നടത്തപ്പെട്ടു. തുടർന്ന് നിയമസഭ ക്യാമ്പസിൽ വെച്ച് ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു. ഈ സമയമായിരുന്നു യഥാർത്ഥത്തിൽ സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും പുതിയ മുഖങ്ങളെ പരിചയപ്പെടാനുമുള്ള അവസരം ഒരുക്കിയത്. രവി പിള്ളയുടെ റാവിസ് ഗ്രൂപ്പായിരുന്നു ഭക്ഷണം സ്പോൺസർ ചെയ്തത്, വളരെ മികച്ച ഭക്ഷണമായിരുന്നു.

ഔദ്യോഗിക സെഷനുകൾ ആരംഭിച്ചത് ജൂൺ പതിനേഴാം തിയതി രാവിലെ കേരള നിയമസഭയിൽ വെച്ചാണ്. വളരെ പ്രൊഫഷണലായി ഒരു കോർപറേറ്റ് ഇവന്റു പോലെയാണ് ഇത് സംഘടിപ്പിക്കപ്പെട്ടതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഒരു ബിഗ്‌റൂം മീറ്റിങ്ങോട് കൂടി പരിപാടി ആരംഭിക്കുകയും തുടർന്ന് പ്രതിനിധികൾ ബ്രേക്ക്ഔട്ട് സെഷനുകളിലേക്ക് പോവുകയും ചെയ്തു. ഞങ്ങൾ ഐ.ടി. മേഖലകളിൽ Agile delivery framework ഉപയോഗിച്ച് സംഘടിപ്പിക്കാറുള്ള PI പ്ലാനിങ് മീറ്റിങ്ങുകൾ പോലെയാണ് ഇതെനിക്ക് അനുഭവപ്പെട്ടത്.

ആദ്യത്തെ ബ്രേക്ക്ഔട്ട് സെഷൻ ഭൂപ്രദേശം അടിസ്ഥാനമാക്കിയായിരുന്നു. ഞാൻ യു എസ് – കാനഡ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനായുള്ള പ്രൊപ്പോസലുകൾ നൽകുകയും അതോടൊപ്പം അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കേരള ഗവണ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മാന്ത്രിമാരായ വീണ ജോർജ്ജ് , വി.എൻ . വാസവൻ , ജി.ആർ. അനിൽ എന്നിവർ പാനലിലുണ്ടായിരുന്നു. അമേരിക്കയിൽ നിന്നുള്ള മലയാളി ഐ.ടി. പ്രൊഫഷണലുകൾ തയാറാക്കിയ 100 പ്രൊപ്പോസലുകൾ അടങ്ങിയ രേഖ ഞാൻ പാനലിനു മുന്നിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികളും സ്ത്രീകളും പുരുഷന്മാരും പ്രൊഫഷണലുകളും , പ്രൊഫഷണലുകൾ അല്ലാത്തവരും വിവിധ പ്രൊപ്പോസലുകൾ സമർപ്പിച്ചു. കൊകൊസിന്റെ സഹകരണത്തോട് കൂടി AI കരിക്കുലം സ്റ്റേറ്റ് സിലബസിൽ ഉൾപ്പെടുത്തേണ്ട ആവശ്യകത ഞാൻ ഊന്നിപ്പറഞ്ഞു. അങ്ങനെ ഉൾപ്പെടുത്താൻ സാധിച്ചാൽ അത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പ്രാപ്തമായ വൈദഗ്ധ്യം സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. കൂടാതെ കാലക്രമേണ ഈ കരിക്കുലത്തെ പുന:പരിശോധിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഞാൻ വിശദീകരിച്ചു.

രണ്ടാമത്തെ ബ്രേക്ക്ഔട്ട് സെഷൻ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. എട്ട് വിഷയ മേഖലകളായിരുന്നു ഉണ്ടായിരുന്നത്. അതാകട്ടെ, വിജ്ഞാന സമ്പദ് വ്യവസ്ഥ, കേരളത്തിന്റെ പുനർ നിർമ്മാണം, നൈപുണ്യ വികസനം, പ്രവാസികൾക്കായുള ഗവണ്മെന്റ് പദ്ധതികളും , പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റും വിദേശ സംഘടനകളുമായും ചേർന്നു പ്രവർത്തിക്കുന്നതും , പ്രവാസികൾക്ക് സാംസ്കാരിക വിനിമയം നടത്താനുള്ള സാധ്യതകളെ കുറിച്ചും , സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനങ്ങളിൽ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ആയിരുന്നു വിഷയങ്ങൾ. ഞാൻ പങ്കെടുത്തത് നൈപുണ്യ വികസനവും ഭാവി തൊഴിൽ സാധ്യതകളും എന്ന സെഷനിലായിരുന്നു. ഹൈസ്കൂൾ തലത്തിൽ തന്നെ Al ടാലന്റുകളെ വളർത്തുക എന്ന ആശയം ഞാൻ സമർത്ഥിച്ചു. എങ്ങനെയാണ് ചൈന നിലവിലുള്ള ഐ ടി ബൂമിൽ സാധ്യത കണ്ടെത്താതെ പോയതെന്നും എന്നാൽ ഇന്ത്യ ഇംഗ്ലീഷ് ഭാഷ അറിയാവുന്ന സാങ്കേതിക വിദ്യ കരസ്ഥമാക്കിയ വിദഗ്ധരുടെ സഹായത്തോട് കൂടി വിജയകരമായ കുതിപ്പ് നടത്തുന്നതെന്നും ഞാൻ സൂചിപ്പിച്ചു. പിന്നീടാകട്ടെ, ചൈന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും ഡാറ്റ സയൻസ് മേഖലയിലുമായി സ്കൂളുകളിലും യൂണിവേസിറ്റികളിലും നിക്ഷേപം നടത്തി, അതിന്റെ ഭാഗമായി അവർ ഈ മേഖലകളിൽ വിദഗ്ധരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിച്ചെടുക്കുകയും ഇന്ന് അമേരിക്കയിലെ ഡാറ്റ സയൻസ് തൊഴിൽ കമ്പോളത്തിൽ മുൻ നിരയിലുള്ളവരായി മാറുകയും ചെയ്തു. ഈ ഉദാഹരണം സൂചിപ്പിക്കുന്നതിലൂടെ എന്റെ പ്രൊപ്പോസൽ മുന്നോട്ട് വെച്ച ആശയം Al വിദ്യാഭ്യാസം സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കു തന്നെ ലഭ്യമാക്കുന്നത് അവർക്ക് ഇതുമായി താദാത്മ്യപ്പെടുവാനും ഭാവി തൊഴിൽ സാധ്യതയ്ക്ക് തയാറാകാനും സഹായകരമാവും എന്ന് വിശദീകരിക്കാനാണ്.

കാലിക്കറ്റ് യൂണിവേസിറ്റിയിലെ കിൻഫ്ര പാർക്ക് ആസ്ഥാനമാക്കിയുള്ള ഞങ്ങളുടെ എജുടെക്ക് സ്റ്റാർട്ട് അപ്പായ കൊകൊസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൈവറ്റ് ലിമിറ്റഡിലൂടെ കേരളത്തിന്റെ ഈ ഉദ്യമത്തിൽ സഹകരിക്കാനുള്ള ഞങ്ങളുടെ താല്പര്യം ഞാൻ പ്രകടിപ്പിച്ചു. മൂന്ന് വ്യത്യസ്ത മാതൃകകളിലൂടെ കൊകൊസിന് സഹായിക്കാനാകും. (1) സി ബി എസ് ഇ ഘടനയെ അടിസ്ഥാനമാക്കി ഞങ്ങൾ നേരത്തേ തയാറാക്കിയ പോലെ കേരള സംസ്ഥാന ബോർഡിന് വേണ്ടി Al കരിക്കുലം തയ്യാറാക്കുന്നതിൽ സഹായിക്കുക. (2) വിദ്യാർത്ഥികളെ Al പഠിപ്പിക്കാൻ പ്രാപ്തരാക്കുന്ന രീതിയിൽ അധ്യാപകർക്ക് പരിശീലനം നൽകൽ (3) പൊതു വിദ്യാലയങ്ങളിലെ പി ടി എ കളുടെ പങ്കാളിത്തത്തോട് കൂടി Al കരിക്കുലം ഒരു ഐച്ഛിക വിഷയമാക്കാൻ ശ്രമിക്കുക. ഞങ്ങൾ നേരത്തേ തന്നെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾക്ക് ആവശ്യമായ Al പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ഒരു ഓൺലൈൻ ലേണിങ്ങ് പ്ലാറ്റ്ഫോം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ Al അല്ലെങ്കിൽ റോബോട്ടിക് ലാബുകൾ തുടങ്ങാനും ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യ, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നായി 30 ൽ അധികം വിദ്യാലയങ്ങൾ കൊകൊസിന്റെ 2022 Al കരിക്കുലം സ്വീകരിച്ചിട്ടുണ്ട്. കൊകൊസിന്റെ ഭാഗമായ ഞങ്ങളെല്ലാവരും തന്നെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം Al വിദ്യാഭ്യാസം പ്രൈവറ്റ് സ്കൂളുകളിലെ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം പ്രാപ്തമായ ഒന്നായി പരിമിതപ്പെടാതെ സ്റ്റേറ്റ് ബോർഡിൽ വിദ്യാഭ്യാസം നേടുന്ന സാധാരണ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്നതാണ് പ്രധാനം. അമേരിക്കയിലെ ഐ ടി പ്രൊഫഷണലുകൾ ചേർന്ന് തയ്യാറാക്കിയ 100 പ്രൊപ്പോസലുകളോടൊപ്പം ഞാൻ കൊകൊസിന്റെ പ്രൊപ്പോസലിന്റെ ഒരു പകർപ്പ് സംസ്ഥാന ഗവണ്മെന്റിന് സമർപ്പിച്ചു.

വിവിധ ബ്രേക്കൗട്ട് സെഷനുകളാൽ സമ്പൂർണമായതായിരുന്നു ആദ്യ ദിവസം. എല്ലാവരും തന്നെ സർഗാത്മകമായ പലതരം ചർച്ചകളിൽ പങ്കെടുക്കുന്നതിൽ തിരക്കിലായിരുന്നു. ക്രിയാത്മകമായ വിമർശനങ്ങളും, പരാതികളും, നിർദ്ദേശങ്ങളൊക്കെ ധാരാളം ഉയർന്നു. ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ ഗവണ്മെന്റിന് ഇതൊക്കെ ലഭിക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന വൈവിധ്യമായ പ്രവാസി സമൂഹത്തിൽ നിന്നാണ്. അവയൊക്കെയും യഥാർത്ഥവും സത്യസന്ധവുമായിരുന്നു എന്ന് മാത്രമല്ല, ഞങ്ങളിത് കേൾക്കുന്നത് പലതരം സാഹചര്യങ്ങളിൽ ജീവിക്കുന്ന യഥാർത്ഥ മനുഷ്യരിൽ നിന്നുമായിരുന്നു. നിങ്ങൾക്ക് മികച്ച ഒരു പ്രതിരണമോ ഇൻപുട്ടോ ആവശ്യപ്പെടാൻ കഴിയില്ല. മന്ത്രിമാരും എം എൽ എ മാരും ഉദ്യോഗസ്ഥരും വളരെ ക്ഷമയോടെ അവർ പറയുന്നത് കേൾക്കുകയും കുറിച്ചു വെക്കുകയും ചെയ്തു. പിന്നീട് ഈ കുറിപ്പുകളൊക്കെ കൂട്ടിച്ചേർത്ത് ഒരു രേഖയായി മാറ്റി അച്ചടിച്ച് അടുത്ത ദിവസം മെയിൻ ഫോറത്തിനു മുമ്പാകെ സമർപ്പിച്ചു. അടുത്ത ദിവസത്തേക്ക് സെഷനുകളെ ക്രോഡീകരിച്ച് അവതരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവരിൽ യു എസ് കാനഡ സെഷനെ കുറിച്ച് എന്റെ സുഹൃത്തായ റോയിയും, നൈപുണ്യവികസന സംബന്ധമായ സെഷനിൽ സുഹൃത്തായ ആഷിക്കുമായിരുന്നു. ഞാനും റോയിയും ചേർന്ന് ആ ദിവസം പുലർച്ചെ 2 മണി വരെ യു എസ് കാനഡ ചർച്ച ക്രോഡീകരികരിക്കാൻ വേണ്ടി തയ്യാറെടുത്തു. മൂന്ന് മണിക്ക് ഉറങ്ങാൻ വേണ്ടി പോകുമ്പോൾ ഞാൻ തീർത്തും ക്ഷീണിതനായിരുന്നു. എന്നിരിക്കിലും അതത്രമേൽ സംതൃപ്തമായ അനുഭവമായിരുന്നു.

രാവിലെ 7 മണിക്ക് എഴുന്നേറ്റ് ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച് റോയിയോടൊപ്പം ഞാൻ 8:30 ന് ലോക കേരള സഭ നടക്കുന്ന സ്ഥലത്തെത്തി. രണ്ടാമത്തെ ദിവസം ആരംഭിച്ചത് 9:30 നാണ്. ഏഴ് മേഖലാ തലങ്ങളിൽ നിന്നായി തെരെഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ മെയിൻ ഹാളിൽ വെച്ച് ചർച്ചകളുടെ ക്രോഡീകരണം അവതരിപ്പിച്ചു. റോയ് അവതരിപ്പിച്ചത് അമേരിക്ക മേഖലയുടെ ചർച്ചയുടെ സംഗ്രഹമായിരുന്നു. എന്റെ നിർദ്ദേശങ്ങഇടങ്ങിയ ഡോക്യൂമെന്റുകൾ സമർപ്പിക്കാൻ എന്നെ വേദിയിലേക്ക് വിളിച്ചു. സ്പീക്കർ എം.ബി.രാജേഷിന് ഞാൻ രേഖകൾ സമർപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ മുഖ്യമന്ത്രിക്ക് സെഷനിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മന്ത്രി പി രാജീവായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്ത് വേദിയിലുണ്ടായിരുന്നത്. നേരത്തേ, അദ്ദേഹത്തിനു മുന്നിലും ഞാൻ പ്രൊപ്പോസലിന്റെ പകർപ്പ് അവതരിപ്പിച്ചിരുന്നു.അതിനു ശേഷം ‘8 പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്ന ബ്രേക്കൗട്ട് സെഷനുകളുടെ ‘ ക്രോഡീരണമായിരുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള ആഷിക് നൈപുണ്യവികസനത്തെ കുറിച്ചുള്ള ചർച്ചയുടെ സംഗ്രഹം അവതരിപ്പിച്ചു. സ്കൂളുകളിൽ Al പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നാളത്തെ ജോലി സാധ്യതകൾക്ക് അതെങ്ങനെ ഉപയോഗപ്പെടുമെന്നും ഞാൻ വിശദീകരിച്ചത് അദ്ദേഹം പരാമർശിച്ചു. രണ്ടാമത്തെ ദിവസം താരതമ്യേന യോഗങ്ങളിൽ പങ്കെടുക്കുന്നത് എനിക്ക് തിരക്കുള്ളതായിരുന്നില്ല. എന്നാൽ ഇന്നലത്തെ നൈപുണ്യവികസനവും Al വിദ്യാഭാസവും സംബന്ധിച്ച എന്റെ അവതരണത്തിന്റെ പ്രതിഫലനമായി എന്നോട് സംസാരിക്കാൻ പലരും വന്നു, ആ അവതരണത്തിന്റെ സ്വാധീനം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.

ആസ്റ്റർ ഗ്രൂപ്പിലെ ഡോക്ടർ ആസാദ് മൂപ്പൻ നൈപുണ്യവികസന യോഗത്തിൽ സന്നിഹിതനായിരുന്നു. ഞാനെന്റ പ്രസംഗം പൂർത്തിയാക്കിയപ്പോൾ അദ്ദേഹം എനിക്ക് കൈ തരികയും എന്റെ അവതരണത്തെ അഭിനന്ദിക്കുകയും ചെയ്തു. ഞാൻ വളരെ വ്യക്തമായി അവതരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി എം.എൽ. എ നന്ദകുമാർ , കല്ല്യാശ്ശേരി എം എൽ എ വിജിൻ, ഗുരുവായൂർ എം എൽ എ അക്ബർ, നെന്മാറ എം.എൽ എ ബാബു, നോർക്കയിലെ സീനിയർ അസോസിയേറ്റായ ഒ.വി. മുസ്തഫ യൊക്കെ അന്ന് പങ്കെടുത്തവരിൽ ചിലരാണ്. പിന്നീട് ആ ദിവസം ഒ.വി. മുസ്തഫയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ” താങ്കളുടെ അവതരണവും പ്രതിബന്ധതയും എനിക്കിഷ്ടപ്പെട്ടു ” . അത്തരം പ്രതികരണങ്ങളൊക്കെ വളരെ പ്രചോദനം നൽകുന്നതായിരുന്നു.

പി.നന്ദകുമാറിന് എന്റെ പ്രൊപ്പോസലിന്റെ ഒരു പകർപ്പ് വേണമെന്ന് താല്പര്യമുണ്ടായിരുന്നു. നൽകാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. അക്ബർ വളരെ ആവേശത്തോട് കൂടി ഗുരുവായൂർ നിയമസഭ മണ്ഡലത്തിൽ ചില ഐ.ടി. സംരംഭങ്ങൾ ആരംഭിക്കുന്നതിന് എന്റെ സഹായം ആവശ്യപ്പെട്ടു. എം വിജിൻ എന്റെ പ്രൊപ്പോസൽ കൃത്യമായി മനസ്സിലാക്കിയിരുന്നു. കൂടാതെ തന്റെ മണ്ഡലത്തിൽ നടപ്പാക്കേണ്ട പദ്ധതിയെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും കൂർമ്മതയും കാര്യങ്ങൾ നടത്താനുള്ള ശേഷിയും ഊർജസ്വലതയും എന്നെ ആകർഷിച്ചു. കൊകൊസിന്റെ സഹകരണത്തോട് കൂടി ഒരു ഐച്ഛിക വിഷയമായി Al വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ കല്ല്യാശ്ശേരി കാര്യക്ഷമമായ സ്ഥലമായിരിക്കും എന്നെനിക്ക് തോന്നി. തന്റെ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഞങ്ങളുടെ പ്രാഗത്ഭ്യത്തെ ഉപയോഗപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം കണ്ടതോടുകൂടി ഞങ്ങൾ ഉറപ്പായും അദ്ദേഹത്തോടൊപ്പം കല്ല്യാശ്ശേരിയിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടത്താമെന്നും തീരുമാനിച്ചു.

വിജിൻ എന്നെ മന്ത്രിയായ മുഹമ്മദ് റിയാസിന് പരിചയപ്പെടുത്തി. സംസ്ഥാനത്തെ വിനോദ സഞ്ചാരത്തെയും റോഡുകളെയും സംബന്ധിച്ചുള്ള ചില നിർദ്ദേശങ്ങൾ എന്റെ പ്രൊപ്പോസലിൽ ഉള്ളതിനാൽ എന്റെ 100 നിർദ്ദേശങ്ങളടങ്ങിയ ഡോക്യുമെന്റ് അദ്ദേഹത്തിന് നൽകാൻ ഞാൻ കരുതി. അദ്ദേഹം ഉറപ്പായും നിർദ്ദേശങ്ങൾ പരിശോധിക്കുമെന്നും ആവശ്യം വന്നാൽ എന്നെ സമീപിക്കുമെന്നും പറഞ്ഞു.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച്ചകൾക്കായിരുന്നു ആ ദിവസത്തിന്റെ രണ്ടാമത്തെ ഭാഗത്തിൽ ഏർപ്പെട്ടത്. 2020 മുതൽ അറിയാവുന്ന പലരുമുണ്ടെങ്കിലും ഒരുപാട് പുതിയ മുഖങ്ങളും ഇത്തവണ ഉണ്ടായിരുന്നു. ഞങ്ങൾ പരപ്സരം പരിചയപ്പെടുകയും ബിസിനസ് കാർഡുകൾ കൈമാറ്റം ചെയ്യുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. 2020 ലോക കേരള സഭയ്ക്ക് ശേഷം, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അന്ന് പങ്കെടുത്തവരിൽ നിന്ന് എനിക്ക് സഹായ അഭ്യർത്ഥനകൾ ലഭിച്ചിരുന്നു. ആരെങ്കിലും ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ സഹായത്തിനായി എന്നെ സമീപിക്കുമ്പോൾ ഞാനും അത് തന്നെ ചെയ്തു. ഇത്തരമൊരു ആഗോള ശ്യംഖല (ഗ്ലോബൽ നെറ്റ് വർക്കിങ്ങ് ) ഉണ്ടാക്കാൻ സാധിക്കുന്നു എന്നുള്ളതും അതിലൂടെ പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കൂട്ടായി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു എന്നുള്ളതുമാണ് ലോക കേരള സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം. കോവിസ് 19 മഹാമാരിയുടെയും ഉക്രൈൻ യുദ്ധത്തിന്റെയും സമയങ്ങളിൽ പല രാജ്യങ്ങളിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങളെയും തരണം ചെയ്യാൻ കൂട്ടായി പരിശ്രമിച്ചു. ഞങ്ങൾ പൊതു സമൂഹത്തിനും സംസ്ഥാന ഗവണ്മെന്റിനുമിടയിൽ നോർക്കയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ചാനലായി പ്രവർത്തിച്ചു. കോവിസ് സമയത്ത് നോർക്ക ഹെൽപ് ഡെസ്ക് ആരംഭിക്കുകയും പല പ്രശ്നങ്ങളും പരിഹരിക്കാനും ശ്രമിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോർക്ക ഹെൽപ് ഡെസ്കിലെ സജീവമായ ഒരു അംഗമായിരുന്നു ഞാൻ. ഒരുപാട് സംരംഭങ്ങളെയും സംഘടനകളെയും ഒരൊറ്റ കുടക്കീഴിൽ ഉൾച്ചേർത്തു കൊണ്ട് കൈവരിക്കാവുന്ന നേട്ടങ്ങൾ ആലോചിക്കുമ്പാൾ ആ അനുഭവങ്ങൾ ഒരുപാട് പ്രചോദിപ്പിക്കുന്നതാണ്.

റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെടാനും ഈ അവസരത്തിൽ എനിക്ക് സാധിച്ചു. അദ്ദേഹം കേരള ഗവണ്മെന്റിനോടൊപ്പം ചേർന്ന് തന്റെ ഫൗണ്ടേഷനു കീഴിൽ ചെയ്യാൻ പദ്ധതിയിടുന്ന ആരോഗ്യ മേഖലയിലെ ഐ ടി സംരംഭങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഐ ടി പ്രൊജക്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജർമാർക്കൊപ്പം പിന്നീടൊരു കോളിലൂടെ ചർച്ച ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

2022 ലോക കേരള സഭയോട് കൂടി മലയാളികൾക്കിടയിലുള്ള ആഗോള ശൃംഖല കൂടുതൽ വിശാലവും വ്യാപ്തിയുള്ളതും ഉറപ്പുള്ളതുമായി. കോൺഗ്രസ്, ബി ജെ പി , മുസ്ലീം ലീഗ് തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ സജീവമായി ലോക കേരള സഭയിൽ പങ്കെടുക്കുകയുണ്ടായി. അവരൊക്കെയും ഇത്തരമൊരു ആശയത്തിന്റെ പ്രസക്തിയും മൂല്യവും തിരിച്ചറിഞ്ഞിരുന്നു. ക്രിയാത്മകമായ ചർച്ചകളും പ്രക്രിയകളും അവർ അനുഭവിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെയോ അച്ചടി മാധ്യമങ്ങളിലൂടെയോ നിങ്ങൾ കേട്ടിട്ടുള്ളതൊക്കെ ഞങ്ങളിവിടെ സാക്ഷിയായിട്ടുള്ളതിന് നേർവിപരീതമാണ്. വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം മാത്രമായിരുന്നു ആ ശബ്ദങ്ങൾ. കെ എം സി സി യുടെയും ഒ ഐ സി സി യുടെയും ഭാഗമായി പങ്കെടുത്ത പ്രതിനിധികൾക്കും മറ്റൊരു അഭിപ്രായമുണ്ടാകാനിടയില്ല. പരിപാടിയിൽ മുഴുനീളെ അവർ സജീവമായിരുന്നു.

പിണറായി വിജയനും, പി ശ്രീരാമകൃഷ്ണനും, എം ബി രാജേഷും നടത്തിയ പ്രസംഗങ്ങളിൽ ഞാൻ തികച്ചും ആകൃഷ്ടനായി. പി ശ്രീരാമകൃഷ്ണൻ പറഞ്ഞത് പ്രകാരം ആകെ ചെലവായ നാല് കോടിയിൽ 3 കോടിയും റാവിസ് , ലുലു, കെ എസ് എഫ് ഇ എന്നിവരുടെ സ്പോൺസർഷിപ്പിലൂടെയാണ് ലഭ്യമായത്. അങ്ങനെയായിരിക്കെ ചെലവിന്റെ കാര്യത്തിൽ പോലും യാതൊരു പരാതിയും ഉന്നയിക്കുന്നതിൽ അർത്ഥമില്ല.മാധ്യമങ്ങൾ എങ്ങനെയാണ് കളവുകൾ സൃഷ്ടിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതെന്നും എം.ബി.രാജേഷ് കൃത്യമായി തുറന്ന് കാട്ടി. അദ്ദേഹമവരോട് ലോക കേരള വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രോഗ്രാം ഷെഡ്യൂളിലൂടെയും ചർച്ചകളുടെ ക്രോഡീകരണത്തിലൂടെയും കടന്നുപോകാൻ ആവശ്യപ്പെട്ടു.

ആരോഗ്യ കാരണങ്ങളാൽ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്ന മുഖ്യമന്ത്രി, വീഡിയോ കോളിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചു. സത്യസന്ധമായും , ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന ഈ വികസന പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഇരുപത് വർഷങ്ങളിലധികമായി അമേരിക്കയിലെ വിവിധ കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഒരു ഐ ടി പ്രൊഫഷണലെന്ന നിലയിൽ , 2022 ലോക കേരള സഭ ഒരു കോർപറേറ്റ് ആസൂത്രിത ഇവന്റിനേക്കാൾ ഒട്ടും കുറഞ്ഞതായിരുന്നില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ആകെയുള്ള ഒരു വ്യത്യാസം പ്രതിനിധികൾ അവരുടെ സ്വന്തം ചെലവിൽ യാത്ര ചെയ്താണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് എന്നുള്ളതാണ്. അവരെ നയിക്കുന്ന അഭിനിവേശവും ഉത്സാഹവും ഐക്യവും കാണാൻ കഴിയുന്നതാണ്. അവരൊക്കെയും അവിടെ എത്തിച്ചേർന്നത് സമൂഹത്തിന് വേണ്ടി സംസാരിക്കാൻ ആണ് , കേരളത്തിലും കേരളത്തിന് പുറത്തും ജീവിക്കുന്ന ആകെ മലയാളികൾക്കു വേണ്ടിയാണ്. ഒരു കുടുംബമെന്നോണം മലയാളിളെല്ലാം ഒത്തുചേരുന്ന അപൂർവ്വമായ സന്ദർഭമായിരുന്നു അത്.

ധാരാളം ഗുണഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ ലോക കേരള സഭ എന്ന പേരിൽ നടത്തിയ പരിപാടി മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾക്കു മുകളിൽ കേരളത്തെ ഉയർത്തി നിർത്തുന്നു. തമിഴ് നാട്ടിലെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ലോക കേരള സഭയെ കുറിച്ചറിയാനായി കേരളം സന്ദർശിച്ചത് ഞാൻ കേട്ടിരുന്നു. തുടക്കത്തിൽ ഞാൻ സൂചിപ്പിച്ചതു പോലെ, മലയാളികളല്ലാത്ത പ്രവാസികൾ കേരളവും നോർക്കയും മലയാളി പ്രവാസികൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും താമസിയാതെ തന്നെ സമാനമായ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേരളം രാഷ്ട്രത്തെ നയിക്കുകയാണിവിടെ.

2022 ലെ ലോക കേരള സഭയുടെ ഭാഗമാകാൻ വേണ്ടി എന്നെ തെരെഞ്ഞെടുത്ത ഭാരവാഹികളോട് ഞാൻ നന്ദിയുള്ളവാനാണ്. ഇതുറപ്പയുമെന്നെ നവീകരിക്കുകയും എന്റെ കാഴ്ച്ചകളെ കൂടുതൽ വിശാലമാക്കാനും സഹായിച്ചിട്ടുണ്ട്.