അടുത്ത കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ ഇന്ന് ലക്ഷക്കണക്കിനാളുകൾ വോട്ടു ചെയ്യും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടങ്ങിയ പോളിങ്ങിൽ ഇതുവരെ പത്തുകോടിയോളം ആളുകൾ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈദനും തമ്മിലെ ഏറ്റുമുട്ടൽ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്.

കഴിഞ്ഞ ഇരുപത്തിയാറു വർഷമായി രണ്ടാമൂഴത്തിനു മൽസരിച്ച വ്യക്തികളാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ലെന്നിരിക്കെ ഡോണാൾഡ് ട്രംപിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിർണായകമാണ്. ഇതുവരെയുള്ള പോളുകളെല്ലാം ജോ ബൈഡന് വിജയം പ്രവചിക്കുന്നുവെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

പോരാട്ട സംസ്ഥാനങ്ങളിലെല്ലാം എങ്ങോട്ടു വേണമെങ്കിലും ചായാം എന്നുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രധാന പോരാട്ട സംസ്ഥാനങ്ങളായ ഫ്ലോറിഡയും ഒഹായോയും ട്രംപിനെ പിന്തുണക്കുമെന്നാണ് പലരും കരുതുന്നത്. കോവിഡ് മഹാമാരിയെ തുടർന്നാണ് ഇത്തവണ ഏർലി വോട്ടിങ്ങിൽ റെക്കോഡ് രേഖപ്പെടുത്തിയത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കൂടുതൽ പോളിങ്ങ് എന്ന റെക്കോഡിലേക്ക് ഇന്നത്തെ ദിവസം അമേരിക്കയെ എത്തിച്ചേക്കാം. കോവിഡ് വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നേരിട്ടുള്ള വോട്ടിങ്ങ് നടക്കുന്നത്.

ന്യൂയോർക് സമയം വൈകീട്ട് ആറുമണിയോടെ കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കും. പല സംസ്ഥാനങ്ങളിൽ പല സമയത്താണ് വോട്ടെടുപ്പ് അവസാനിക്കുക. ആരായിരിക്കും ഇരുനൂറ്റിയെഴുപത് എന്ന മാജിക് നമ്പറിലേക്കെത്തുക. ലോകം മുഴുവൻ അമേരിക്കയോടൊപ്പം കാത്തിരിക്കുകയാണ്.