മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും, ന്യൂ ജെൻ പ്രേക്ഷകരുടെ പ്രിയ സംവിധായകനുമായ ലിജോ ജോസ് പല്ലിശേരിയിലും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാർത്തകൾ വന്നത് മുതൽ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം രാധിക ആപ്‌തെ ചിത്രത്തിൽ നായികയാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. നടിയുമായി അണിയറ പ്രവത്തകർ ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്.രാധിക ആപ്‌തെയുടെ രണ്ടാം മലയാളം ചിത്രമായിരിക്കുമിത്. നേരത്തെ ഫഹദ് ഫാസിൽ നായകനായ ‘ഹരം’ എന്ന സിനിമയിൽ രാധിക അഭിനയിച്ചിരുന്നു.
മോഹൻലാൽ-ലിജോ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ക്യാരക്ടർ സ്‌കെച്ചുകൾ നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിൻ്റെ ബാനറിൽ ഒരുങ്ങുന്ന പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം 2023 ജനുവരി 10ന് ആരംഭിക്കും. രാജസ്ഥാനിലാണ് ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ‘മലക്കോട്ട വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സെഞ്ച്വറി കൊച്ചുമോനും കെസി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ പേരുൾപ്പടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.