പോപ്പുലർ വോട്ട് – ചരിത്രം രചിച്ച് ബൈഡൻ

ഈ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയത് അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ പ്രസിഡന്റെന്ന റെക്കോർഡ്. കഴിഞ്ഞ നൂറു വർഷങ്ങളിലുള്ള പ്രസിഡന്റ് തിരെഞ്ഞെടുപ്പുകൾ എടുത്തു നോക്കിയാൽ 2020ലാണ് ഏറ്റവും വലിയ പോളിങ്ങ് നടന്നിരിക്കുന്നത്. പതിനാറു കോടി പൗരന്മാരാണ് ഇക്കുറി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. അതു കൊണ്ടു തന്നെ, നിയുക്ത പ്രസിഡന്റ് ജോ ബൈഡനു കിട്ടിയ പോപ്പുലർ വോട്ടുകളും ചരിത്രമാകുകയാണ്.

അഞ്ചു സംസ്ഥാനങ്ങളിലെ അവസാന ഫലങ്ങൾ ഇനിയും വരാനിരിക്കെ, ഏഴരക്കോടി വോട്ടുകളുമായി ജോ ബൈഡൻ, ഏറ്റവും കൂടുതൽ പോപ്പുലർ വോട്ടു നേടിയ പ്രസിഡന്റ് ആയി മാറി. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് കിട്ടിയ പോപ്പുലർ വോട്ടും ഏഴുകോടിയോളം വരും. രാജ്യത്തുടനീളമുള്ള പോപ്പുലർ വോട്ടുകൾ കൊണ്ടല്ല, വിവിധ സംസ്ഥാനങ്ങളിൽ വിജയം നേടി, അവിടെ നിന്നുള്ള ഇലക്ട്‌റൽ വോട്ടുകൾ കൊണ്ടാണ് സ്ഥാനാർഥി പ്രസിഡന്റ് ആകുന്നത്. അതുകൊണ്ടാണ് 2016 ൽ ഹിലരി ക്ലിന്റൺ കൂടുതൽ പോപ്പുലർ വോട്ടുകൾ നേടിയിട്ടും, ഏറ്റവുമധികം ഇലക്ട്‌റൽ കോളേജ് വോട്ടുകളുമായി ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയത്.

ട്രംപിനെ കഴിഞ്ഞ തവണ തുണച്ച പെൻസിൽവേനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നീ പോരാട്ട സംസ്ഥാനങ്ങൾ ഇത്തവണ ബൈഡനാണ് നേടിയത് . ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1992നു ശേഷം ഒരു ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥിയെ തിരെഞ്ഞെടുക്കാത്ത ജോർജിയയിലും, 1996ന് ശേഷം റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ മാത്രം പിന്തുണച്ച അരിസോണയിലും വിജയത്തിന്റെ പടിവാതിൽക്കലിൽ എത്തി നിൽക്കുകയാണ് ജോ ബൈഡൻ. പ്രസിഡന്റ് പദവിയിലേക്കുള്ള തന്റെ കുതിപ്പിൽ ചരിതപ്രധാനമായ പോപ്പുലർ വോട്ടുകൾ കരസ്ഥമാക്കാൻ ഈ സംസ്ഥാനങ്ങളും നിർണ്ണായക ഘടകങ്ങളായി.

ജോർജിയയിൽ മുന്നേറാൻ ബൈഡനെ പ്രാപ്തനാക്കിയതിൽ 2018ൽ ജോർജിയ ഗവർണ്ണർ സ്ഥാനത്തേയ്ക്ക് മത്സരിച്ചു പരാജയപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വംശജയായ ഡെമോക്രാറ്റ് നേതാവ് സ്റ്റേസി എബ്രാംസിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഗവർണർ തിരെഞ്ഞെടുപ്പിൽ തനിക്ക് പരാജയം സംഭവിച്ചത് അർഹരായവർക്ക്‌ വോട്ടു ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ മൂലമാണെന്ന് കണ്ടെത്തിയ സ്റ്റേസി എബ്രാംസ് കഴിഞ്ഞ രണ്ടു വർഷങ്ങളായി വോട്ടർ സപ്പ്രഷനെതിരെ പോരാടി. വോട്ടർ പട്ടികയിൽ ഇല്ലാതിരുന്ന, കറുത്ത വംശജരിലും മറ്റു ന്യൂനപക്ഷങ്ങളിലും പെട്ട ലക്ഷക്കണക്കിന് ജനങ്ങളെ രജിസ്റ്റർ ചെയ്യാൻ ഇവരുടെ നേതൃത്വത്തിലുള്ള പ്രവർത്തങ്ങൾക്ക് കഴിഞ്ഞു. ഇത് വഴി ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ശക്തമായ അടിത്തറ പാകാൻ സാധിച്ചു.

ഇനി നടക്കാനിരിക്കുന്ന സെനറ്റ് ഇലെക്ഷനിലും തങ്ങൾ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം ഇപ്പോൾ ഡെമോക്രറ്റുകൾക്കുണ്ട്. അരിസോണയിൽ പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് ജെഫ് ഫ്‌ളേക്ക്, മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മെക്കയിന്റെ ഭാര്യ സിൻഡി മെക്കയ്ൻ എന്നിവർ ജോ ബൈഡനന് ശക്തമായ പിന്തുണയുമായി മുന്നോട്ടു വന്നത് അദ്ദേഹത്തെ നല്ല രീതിയിൽ സഹായിച്ചു. അരിസോണയിലെ ഹിസ്പാനിക് വംശജരുടെ വോട്ടുകൾ ബൈഡന്റെ ലീഡ് വർദ്ധിക്കാൻ ഒരു പ്രധാന കാരണമായി. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരുന്ന ഈ വിഭാഗത്തിനിടയിൽ ഡെമോക്ക്രാറ്റുകൾ ശക്തമായി പ്രചാരണം നടത്തിയിരുന്നു.