തീവ്രവാദ ആക്രമണങ്ങളെ നേരിടാൻ വൻ സുരക്ഷയൊരുക്കി ഫ്രാൻസ്

പ്രവാചകന്റെ കാര്‍ട്ടൂണുകൾ ക്ലാസ് റൂമില്‍ കാണിച്ചതിന് സ്കൂൾ അധ്യാപകനെ വധിച്ചതിനു പിന്നാലെ നൈസ് നഗരത്തിലെ ക്രിസ്ത്യൻ പള്ളിയിൽ മൂന്നു പേർ കൂടി തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഫ്രഞ്ച് സർക്കാർ രാജ്യത്ത് വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. സ്‌ക്കൂളുകളും ആരാധനാലയങ്ങളും ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് പട്ടാളക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇസ്ളാമിക തീവ്രവാദത്തിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തെ പ്രതിരോധിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോൺ പ്രസ്താവിച്ചു.

ഒക്ടോബര്‍ 16നാണ് പാരീസില്‍ സാമുവല്‍ പാറ്റി എന്ന നാല്പത്തിയേഴുകാരനായ അധ്യാപകനെ, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ്സിനിടയിൽ പ്രവാചകന്റെ കാര്‍ട്ടൂണുകൾ കുട്ടികളെ കാണിച്ചതിനെത്തുടർന്ന് കഴുത്തറത്തു കൊല്ലപ്പെടുത്തിയത്. ഷാര്‍ലേ ഹെബ്ദോ മാഗസീനിലെ വിവാദ കാര്‍ട്ടൂണുകളാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന കൊലപാതകിയെ പോലീസ് വെടിവെച്ചു കൊന്നിരുന്നു. റഷ്യയിലെ ചെച്യൻ പ്രവിശ്യയിൽ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണിയാൾ.

ഒക്ടോബർ 29ന് നൈസ് നഗരത്തിലെ ചര്‍ച്ചിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അറുപതുകാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അൻപത്തിയഞ്ചുകാരനായ ചര്‍ച്ചിലെ ജീവനക്കാരൻ കഴുത്തിലെ മുറിവുമായാണ് മരിച്ചു കിടന്നത്. നാൽപ്പത്തിനാലുകാരിയായ സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി. ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ ബ്രാഹിം അയ്‌സുറി എന്ന ഇരുപത്തിയൊന്ന്കാരനാണ് പ്രതി. ഇയാൾ പോലീസ് വെടിവയ്പ്പിനെത്തുടർന്നു ആശുപത്രിയിലാണ്.

ഇതിനിടെ കാർട്ടൂണുകൾ വരയ്ക്കാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണച്ചു കൊണ്ട് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പ്രസ്താവനകളെ അനുകൂലിച്ചും എതിര്‍ത്തും രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി ലോകനേതാക്കൾ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മാക്രോണിന്റെ പ്രസ്താവനകൾ ഇസ്‌ലാം വിരുദ്ധമാണെന്നാരോപിച്ചു കൊണ്ട് ചില മുസ്ലിം രാജ്യങ്ങളിൽ ഫ്രഞ്ച് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ടർക്കിഷ് പ്രസിഡന്റ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയ മുസ്ലിം നേതാക്കൾ ആക്രമണത്തിനെ അപലപിച്ചെങ്കിലും മാക്രോൺ പ്രവാചക നിന്ദയും ഇസ്ലാം വിരുദ്ധതയും വളർത്തുകയാണ് എന്നാരോപിക്കുകയും ഫ്രാൻസിനെതിരെ നടപടികൾ എടുക്കുകയും ചെയ്തു. ബംഗ്ലാദേശ്, പലസ്‌തീൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പതിനായിരക്കണക്കിനാളുകൾ പ്രസിഡന്റ് മാക്രോണിനെതിരെ പ്രതിഷേധപ്രകടനങ്ങൾ നടത്തി.