ഗദ്ദാഫിയുടെ മകൻ മരിച്ചിട്ടില്ല; ന്യൂ യോർക്ക് ടൈംസിന്‌ നൽകിയ അഭിമുഖത്തിലൂടെ സൈഫുൽ ഇസ്‌ലാം ഗദ്ദാഫി പൊതുജനമധ്യത്തിലേക്ക് തിരികെ വരുന്നു

ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‌ലാം ഗദ്ദാഫി ന്യൂ യോർക്ക് ടൈംസിന്‌ നൽകിയ അഭിമുഖത്തിലൂടെ പത്തുവർഷത്തിനിപ്പുറം പൊതുജനമധ്യത്തിലേക്ക് തിരികെ വരുന്നു. ഒളിവിലാണെന്നും ചിലപ്പോൾ പിതാവിനെപ്പോലെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും കഥകൾ പരക്കെ പരന്നിരുന്നു. അസ്ഥിരതകൾ മാത്രം അനുഭവിച്ച തന്റെ രാജ്യത്തെ പുനരേകീകരിക്കാനുള്ള സ്വപ്നവുമായാണ് ഗദ്ദാഫിയുടെ രണ്ടാമത്തെ മകന്റെ രാഷ്ട്രീയ തിരിച്ചുവരവ്. പണമില്ല, സുരക്ഷിതത്വമില്ല, ജീവനും ജീവിതവുമില്ല എന്ന സ്ഥിതിയിലാണ് നാട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗദ്ദാഫിക്ക് ശേഷം ലിബിയയിൽ അധികാരം കയ്യാളിയവരൊക്കെയും ജനങ്ങൾക്ക് ദുരിതങ്ങൾ അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തിലേക്ക് തിരികെയെത്തി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റം ചുമത്തിയ വ്യക്തിയാണ് 49 വയസ്സുകാരനായ സൈഫുൽ ഇസ്‌ലാം. 2011ലെ പ്രക്ഷോഭകാലത്ത് അദ്ദേഹം ചെയ്‌ത കുറ്റകൃത്യങ്ങളുടെ പേരിൽ, ട്രിപ്പോളി കോടതി സൈഫുൽ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്‌തിരുന്നു. അതിനാൽ തന്നെ സൈഫുൽ ഇസ്ലാമിന് തിരിച്ചുവരവ് അത്ര എളുപ്പമാവില്ല എന്നും നിരീക്ഷണമുണ്ട്. ട്രിപ്പോളി കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായതാണ് സൈഫുൽ ഇസ്‌ലാം അവസാനമായി ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഗദ്ദാഫി ഭരണകൂടത്തിലെ ആധുനിക മുഖം എന്നായിരുന്നു സൈഫുൽ ഇസ്‌ലാമിനെ ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഗദ്ദാഫി നടത്തിയ ക്രൂരതകൾക്കൊപ്പമായിരുന്നു സൈഫുൽ ഇസ്‌ലാം. അക്കാലത്ത് പിതാവുൾപ്പടെ നടത്തിയ കുറ്റകൃത്യങ്ങൾക്ക് ക്ഷമാപണം നടത്താൻ സൈഫുൽ ഇസ്‌ലാം തയാറായില്ല. മറിച്ച് കലാപകാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക മാത്രമാണ് മുഅമ്മർ ഗദ്ദാഫി ചെയ്തതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ‘ലിബിയയിൽ നടന്നത് ഒരിക്കലൂം ഒരു വിപ്ലവമായിരുന്നില്ല, ഒരു ആഭ്യന്തര യുദ്ധമെന്ന് നിങ്ങൾക്ക് വിളിക്കാം,’ എന്നാണ് സൈഫുൽ ഇസ്‌ലാമിന്റെ വാദം.