ക്യാപിറ്റോൾ കലാപകാരികൾ അറസ്റ്റിൽ.

ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്ന നടപടികൾക്കിടയിൽ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറി കലാപം സൃഷ്‌ടിച്ച ട്രംപ് അനുകൂലികളിൽ ചിലരെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് പതിമൂന്നു പേരിൽ കുറ്റം ചുമത്തിയിട്ടുണ്ട്. വാഷിംഗ്‌ടൺ ഡി സി സുപ്പീരിയർ കോർട്ട് ഒട്ടനവധി പേരിൽ കുറ്റം ചുമത്തിയിട്ടുണ്ട്.

മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടു പിടിക്കാൻ സഹായകരമാകുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസിന്റെ കൈവശമുണ്ട്.

ക്യോനോൺ ഗൂഢാലോചന സിദ്ധാന്തത്തിന്റെ പ്രചാരകനായ ജെയ്ക് ആഞ്‌ജെലി, ഫ്ലോറിഡയിൽ നിന്നുള്ള ആഡം ജോൺസൻ, അർക്കൻസായിൽ നിന്നുള്ള റിച്ചാർഡ് ബാർനെറ്റ്, എറിക് മഞ്ചെൽ, ലാരി ബ്രോക്ക്, ക്ളീവ്ലൻഡ് ഗ്രോവർ മെറിഡിത്, ഡഗ് ജെൻസൺ, ഡെറിക് ഇവാൻസ്, ബ്രാഡ്‌ലി റക്സ്റ്റൽസ് തുടങ്ങിയവരാണ് അറസ്റ്റിലായവരിൽ ചിലർ.

കലാപത്തിൽ അഞ്ചു പേരാണ് മരിച്ചത്. ക്യാപിറ്റോൾ പൊലീസ് ഓഫീസർ ബ്രയൻ സിക്‌നിക്ക് തലയ്‌ക്കേറ്റ പ്രഹരത്തിൽ മരിച്ചു. ട്രംപ് അനുകൂലിയായ ആഷ്‌ലി ബാബിറ്റ് സ്‌പീക്കറുടെ ലോബിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന്റെ വെടിയേറ്റാണ് മരിച്ചത്. മറ്റു മൂന്ന് പേർ അക്രമ സംഭവങ്ങൾക്കിടയിൽ വന്ന ശാരീരിക പ്രശ്നങ്ങൾ കൊണ്ട് മരിച്ചവരാണ്.