കോവിഡ് വ്യാപനം- ഇംഗ്ലണ്ട് ലോക്ഡൗണിലേക്ക്

കോവിഡ് വ്യാപനം വീണ്ടും ഉയർന്നതിനെത്തുടർന്ന് ഇംഗ്ലണ്ട് ഒരുമാസത്തേക്ക് ലോക്ഡൗണിലേക്ക് പോകുന്നു. ക്രിസ്തുമസ് ഒരുമിച്ച് ആഘോഷിക്കാൻ കുടുംബങ്ങൾക്ക് സാധിക്കണമെങ്കിൽ ഇപ്പോൾ ഈ നടപടിയിലേക്ക് പോയേ തീരൂ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പബ്ബുകളും റസ്റ്ററന്റുകളും ജിമ്മും അവശ്യവസ്തുക്കളുടേതല്ലാത്ത കടകളും അടച്ചിടും. ആരാധനാലയങ്ങളും തുറക്കില്ല. അതേസമയം സ്കൂളുകളും കോളേജുകളും സർവകലാശാലകളും തുറന്നിടുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് സർക്കാർ. ഈ ലോക് ഡൗൺ നടപടി രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് നല്ലതാവില്ലെന്ന് ഇതിനകം ഭരണകക്ഷിയിലെ തന്നെ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു കഴിഞ്ഞു. 

തിങ്കളാഴ്ച ഇതു സംബന്ധിച്ച പ്രസ്താവന ബോറിസ് ജോൺസൻ ഹൗസ് ഓഫ് കോമൺസിൽ നടത്തും. നിലവിലെ നിയന്ത്രണങ്ങളുടെ മേൽ വോട്ടിങ്ങ് ഉണ്ടാകും. നിയന്ത്രണങ്ങളെ പിന്തുണക്കുമെന്ന് പ്രതിപക്ഷകക്ഷിയായ ലേബർ പാർട്ടി ഇതിനകം പറഞ്ഞിട്ടുണ്ട്.  അത്യാവശ്യമല്ലാത്ത കാര്യത്തിന് പുറത്തു പോകരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ഓഫീസ് ജോലികളെല്ലാം വീട്ടിലിരുന്നു തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ആരേയും വീടുകളിലോ വീടിന്റെ മുറ്റത്തോ ചെന്ന് കാണരുതെന്നും  വീട്ടിനു പുറത്തുള്ളവരെ കാണണമെങ്കിൽ ഒരാളെ മാത്രമായി പൊതു സ്ഥലത്ത് വെച്ച് കാണുന്ന രീതി പിന്തുടരണമെന്നും നിഷ്കർഷിക്കുന്നുണ്ട്.