എന്താണ് ഇലക്ട്രൽ കോളേജ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു രാജ്യങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാക്കാണ് ഇലക്ടൽ കോളജ്. എന്താണ് ഇലക്ട്രൽ കോളജ് എന്നറിയാതെ അമേരിക്കൻ തെരഞ്ഞെടുപ്പ് പൂർണമായി മനസിലാക്കാനാകില്ല തന്നെ. 

പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കാൻ ഓരോ സംസ്ഥാനവും നിയമിക്കുന്ന ഒരു കൂട്ടം വ്യക്തികളടങ്ങുന്ന സംവിധാനമാണ് ഇലക്ട്രൽ കോളേജ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജയിക്കുന്ന സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രസിഡന്റാക്കാനായി ഓരോ സംസ്ഥാനവും നിയമിക്കുന്ന പ്രതിനിധികളാണ് ഇലക്ട്രർമാർ. ഈ ഇലക്ടർമാരടങ്ങുന്ന ബോഡിയാണ്  ഇലക്ട്രൽ കോളേജ്. അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ട് , സെക്ഷൻ ഒന്ന്, ക്ലോസ് രണ്ടിൽ ഓരോ സംസ്ഥാനത്തിലും എത്ര ഇലക്ട്രൽ വോട്ടുകളുണ്ടെന്ന്  നിഷ്കർഷിച്ചിരിക്കുന്നു. 1964 മുതൽ രാജ്യം മുഴുവൻ 538 ഇലക്ടർമാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി നിയോഗിക്കപ്പെടുന്നത്. അമേരിക്കൻ കോൺഗ്രസിലെ വോട്ടിങ്ങ് അംഗസംഖ്യക്ക് തുല്യമായ പ്രതിനിധകിളാണ്  ഇലക്ട്രൽ കോളജിലുള്ളത്. ജനപ്രതിനിധി സഭയിൽ നാനൂറ്റിമുപ്പത്തിയഞ്ച് അംഗങ്ങളും സെനറ്റിൽ നൂറ് അംഗങ്ങളും വാഷിങ്ങ്ടൺ ഡിസിയുടെ മൂന്നു പ്രതിനിധികളും ചേർന്നാണ് അഞ്ഞൂറ്റിമുപ്പത്തിയെട്ട് ആകുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഇരുനൂറ്റി എഴുപത് ഇലക്ടർമാരെയെങ്കിലും തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇരുനൂറ്റിയെഴുപത് ഇലക്ടർമാരെ കിട്ടുന്ന പാർട്ടിക്കായിരിക്കും വിജയം. അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയനുസരിച്ചാണ് ഇലക്ടർമാർ നിയോഗിക്കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോർണിയയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഇലക്ടർമാരുണ്ടാവുക.  അമ്പത്തിയഞ്ചാണ് കാലിഫോർണിയയിലെ ഇലക്ട്രൽ കോളജ് വോട്ടുകൾ.  കാലിഫോർണിയയിൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിക്ക് ഈ അമ്പത്തിയഞ്ച് ഇലക്ട്രൽ കോളേജ് വോട്ടുകളും ലഭിക്കും. സംസ്ഥാനത്ത് ഒരു വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിൽ പോലും മുഴുവൻ ഇലകട്രൽ കോളേജ് വോട്ടുകളും വിജയിക്കു തന്നെ ലഭിക്കും. വിന്നർ ടേക്സ് ഓൾ എന്ന രീതിയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ടെക്സാസും ന്യൂയോർക്കും ഫ്ലോറിഡയും വിജയിച്ചാൽ തൊണ്ണൂറ്റിയാറ് ഇലക്ട്രൽ കോളേജ് വോട്ടുകൾ ലഭിക്കും. ആ സ്ഥലങ്ങളിലെ ജനസംഖ്യയനുസരിച്ച് ഇലക്ടർമാരുടെ എണ്ണം കൂടുതലായതിനാലാണ് അത്. അതേസമയം സൗത്ത് ദക്കോത്ത, നോർത്ത് ദക്കോത്ത, മോൺടാന, വയോമിങ്ങ് , വേർമോണ്ട്, ന്യൂ ഹാംഷയർ, കണക്ടിക്കട്ട്, വെസ്റ്റ് വിർജീനിയ തുടങ്ങി എട്ടു സംസ്ഥാനങ്ങലിലും ഭൂരിപക്ഷം നേടിയാലും ജനസംഖ്യാനുപാതികമായി മുപ്പത്തിയൊന്ന് ഇലക്ട്രൽ വോട്ടുകളേ ലഭിക്കൂ. അതുകൊണ്ടാണ് പൊതുവേ സ്ഥാനാർഥികൾ ഇരുവശത്തേക്കും മാറി മാറി വോട്ടു ചെയ്യുന്ന കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രചാരണം നടത്തുന്നത്. ഈ ഇലകട്രൽ കോളേജ് രീതി നിലനിൽക്കുന്നതുകൊണ്ടാണ് പോപ്പുലർ വോട്ട് നേടുന്ന സ്ഥാനാർഥി ചിലപ്പോൾ വിജയിക്കാതെ പോകുന്നത്. ഈ രീതിക്ക് വലിയ വിമർശനവുമുണ്ടെങ്കിലും ഇപ്പോഴും രണ്ടൊഴികെ എല്ലാ സംസ്ഥാനങ്ങളും ഇത് തന്നെയാണ് പിന്തുടരുന്നത്. ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾക്ക് ആവശ്യത്തിലുമധികം പ്രാധാന്യം കിട്ടുന്നുവെന്നാണ് ഒരു വിമർശനം. അതേസമയം ചെറു സംസ്ഥാനങ്ങളിലെ ഇലക്ട്രൽ വോട്ടുകളും വിജയത്തിന് നിർണായകമാണെന്നതാണ് മറുവാദം. ഇലക്ട്രൽ കോളേജിന്റെ എണ്ണം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായതു കൊണ്ടും ചില സംസ്ഥാനങ്ങൾ പതിവായി ഏതെങ്കിലും ഒരു പാർട്ടിയെ തന്നെ പിന്തുണക്കുന്നതുകൊണ്ടും ഇരുവശത്തേക്കും മാറി മറിയുന്ന ചുരുക്കം ചില സംസ്ഥാനങ്ങളാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ നിർണിയിക്കുന്നത്. ഇവയാണ് ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് അഥവാ പോരാട്ട സംസ്ഥാനങ്ങൾ എന്ന് അറിയപ്പെടുന്നത്.