ഇനി അഞ്ച് ദിവസം- ഫ്ലോറിഡയിൽ ട്രംപും ബൈഡനും നേർക്കുനേർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം ശേഷിക്കേ ഏറ്റവും പ്രധാനപ്പെട്ട പോരാട്ട സംസ്ഥാനമായ ഫ്ലോറിഡയിൽ ഇരു സ്ഥാനാർഥികളും റാലി നടത്തി. ഫ്ലോറിഡ നീലയണിഞ്ഞാൽ, മൽസരം തീർന്നുവെന്ന് ജോ ബൈഡൻ വോട്ടർമാരോട് പറഞ്ഞു. അതേസമയം ബൈഡൻ പ്രസിഡന്റായാൽ ജനങ്ങളെ കോവിഡിവന്റെ പേരു പറഞ്ഞ് പൂട്ടിയിടുമെന്ന് റാലിക്ക് എത്തിയവരോട് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്റെ കീഴിൽ ഭദ്രമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ദേശീയ തലത്തിൽ പോളുകളിൽ ബൈഡനാണ് മുന്നിലെങ്കിലും പോരാട്ട സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥിതി ഭദ്രമായെന്ന് ഇനിയും പറയാനായിട്ടില്ല. ഫ്ലോറിഡയടക്കമുള്ള പോരാട്ട സംസ്ഥാനങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നത്. ഇതിനകം എട്ടുകോടിയിലധികം ജനങ്ങൾ അമേരിക്കയിൽ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ തന്നെ അഞ്ചു കോടിയിലേറെ പേർ പോസ്റ്റൽ സംവിധാനമുപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ പോളിങ്ങ് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പെന്ന റെക്കോഡിലേക്ക് ഈ വർഷം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഫ്ലോറിഡയിലെ താംപയിലാണ് ഡോണാൾഡ് ട്രംപ് പ്രചാരണം നടത്തുന്നത്. ആയിരക്കണക്കിനാളുകളാണ് റാലിക്കെത്തിയത്. ധാരാളം പേർ മാസ്ക് ധരിച്ചിരുന്നില്ല. ഈ മാസം തുടക്കം കൊറോണ പോസിറ്റീവായിരുന്ന ട്രംപ് രണ്ടാഴ്ചക്കകം റാലികളിൽ സജിവമായിക്കഴിഞ്ഞികുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള ദിവസങ്ങൾ പത്ത് സംസ്ഥാനങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്. ഏറ്റവും ഒടുവിലത്തെ രണ്ടു പ്രചാരണ ദിനങ്ങൾ പതിനൊന്ന് റാലികളെയാണ് ട്രംപ് അഭിസംബോധന ചെയ്യുക.

കോവിഡ് മാനദണ്ഡങ്ങൾ പരമാവധി പാലിച്ചുകൊണ്ടുള്ള റാലിയാണ് ജോ ബൈഡൻ നടത്തിയത്. പലരും കാറുകളിൽ തന്നെയിരുന്നു. മിക്കവരും മാസ്ക് ധരിക്കുകയും സാമൂഹിക അകൽച്ച പാലിക്കുകയും ചെയ്തു. നിലവിൽ നേരിയ വ്യത്യാസം മാത്രമാണ് ട്രംപും ബൈഡനും തമ്മിൽ ഫ്ലോറിഡയിലുള്ളത്.