ആരു നേടും ഫ്ലോറിഡ?

കനത്ത പോരാട്ടം നടക്കുന്ന ഫ്ലോറിഡയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനു നേരിയ മുൻ‌തൂക്കം ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. 2000ൽ നടന്ന ജോർജ് ബുഷ് അൽ ഗോർ തെരഞ്ഞെടുപ്പിൽ ഫ്ലോറിഡയുടെ ഫലം എന്തെന്നറിയൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നു. സുപ്രീം കോടതി കേറിയ ഈ തെരെഞ്ഞെടുപ്പിന്റെ ആവർത്തനമായിരിക്കുമോ ഇക്കുറി എന്ന് ആശങ്കപ്പെടുന്നവരുണ്ട്. ബറാക്ക് ഒബാമ രണ്ടു തവണയും ഫ്ലോറിഡയിൽ വിജയിച്ചുവെങ്കിലും ചെറിയ മാർജിനിൽ ആയിരുന്നു അത്.

രണ്ടു സ്ഥാനാർഥികളും വൻ പ്രചരണ പരിപാടികൾ ആണ് ഫ്ളോറിഡയിൽ നടത്തിയത്. ജോ ബൈഡൻ കോവിഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നീങ്ങിയത്. വലിയ ആൾക്കൂട്ടമില്ലാതെയും, മാസ്ക് വെയ്ച്ചും, സാമൂഹ്യ അകലം പാലിച്ചുമായിരുന്നു പരിപാടികൾ. ഇതൊന്നുമില്ലാതെയാണ് പ്രസിഡന്റ് ട്രംപിന്റെ റാലികൾ നടന്നത്. വൻ ജനക്കൂട്ടമാണ് ട്രംപ് റാലികളിൽ പങ്കെടുത്തത്. ഫ്ലോറിഡയിലെ ഒരു പ്രധാന വിഭാഗമാണ് ക്യൂബയിൽ നിന്നുള്ള കുടിയേറ്റക്കാർ. ഇവരുടെ പിന്തുണ കൂടുതലം ട്രംപിനാണ്. ബൈഡൻ പ്രസിഡന്റ് ആയാൽ അമേരിക്ക സോഷ്യലിസ്റ്റ് രാജ്യമാകും എന്നൊക്കെ ട്രംപ് പറയുമ്പോൾ, അതൊക്ക ഈ വിഭാഗത്തിൽപ്പെട്ട ചിലരെ ട്രംപിന് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടാകാം. മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ ബൈഡനെ പിന്തുണയ്ക്കുന്നവരും ധാരാളമുണ്ട്.

രണ്ടു പാർട്ടികളിലും പെടാത്ത ഇൻഡിപെൻഡന്റ് വോട്ടേഴ്‌സ് ആർക്കു വോട്ട് ചെയ്യുമെന്നത് ഫ്ലോറിഡയിൽ നിർണ്ണായകമാണ്. മുതിർന്ന പൗരന്മാർ ധാരളമുള്ള സംസ്ഥാനമാണ് ഫ്ലോറിഡ. മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ റിട്ടയർമെൻറ് കഴിഞ്ഞാൽ ഫ്ളോറിഡയിലേക്കു താമസം മാറ്റാറുണ്ട്. പൊതുവെ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് ഇവർ. പക്ഷെ ചില സീനിയർ സിറ്റിസൺസ് കഴിഞ്ഞ ഇലക്ഷന് ട്രംപിനെ പിന്തുണയ്ച്ചെങ്കിലും ഇത്തവണ ബൈഡനു വോട്ടു കൊടുക്കുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. ട്രംപ് ഭരണകൂടം കോവിഡ് കൈകാര്യം ചെയ്ത രീതി ചില മുതിർന്ന വോട്ടർമാരെ ബൈഡനെ പിന്തുണയ്ക്കുന്നതിനു ഒരു കാരണം ആയിട്ടുണ്ട്.