അമേരിക്ക എങ്ങനെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു?

നാലു വർഷം കൂടുമ്പോഴാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ ആർക്കാണ് യോഗ്യത എന്നതാണ് ആദ്യ ചോദ്യം. ഉത്തരം ലളിതമാണ്. മൂന്നു നിബന്ധനകൾ.

(1) അമേരിക്കയിൽ തന്നെ ജനിച്ച പൗരനായിരിക്കണം

(2) മുപ്പത്തിയഞ്ച് വയസ് തികഞ്ഞ വ്യക്തിയായിരിക്കണം

(3) കഴിഞ്ഞ പതിനാലു വർഷമെങ്കിലും അമേരിക്കയിൽ സ്ഥിര താമസുള്ള വ്യക്തി അഥവാ റസിഡന്റ് ആയിരിക്കണം. 

പ്രസിഡന്റാകാൻ ആഗ്രഹമുള്ളവർ പ്രധാനമായി രണ്ടു പാർട്ടികളുടെ നോമിനേഷനാണ് തേടുക. യാഥാസ്ഥിതികരുടെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയും ലിബറലുകളും പ്രോഗ്രസീവുകളും അടങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടിയുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടുന്നത്.  ലിബർട്ടേറിയൻ പാർട്ടി, ഗ്രീൻ പാർട്ടി, കോൺസ്റ്റിറ്റ്യൂഷൻ പാർട്ടി തുടങ്ങിയ പാർട്ടികളുണ്ടെങ്കിലും ഇന്നത്തെ രാഷ്ട്രീയ ചിത്രത്തിൽ അവർ നിലവിൽ തീർത്തും ദുർബലരാണ്. ഗ്രാന്റ് ഓൾഡ് പാർട്ടി അഥവാ ജിഓപി എന്നും റിപ്പബ്ലിക്കൻ പാർട്ടി അറിയപ്പെടുന്നു. നികുതി കുറക്കുക, തോക്ക് കൈവശം വക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, കുടിയേറ്റ നിയമം കൂടുതൽ കർക്കശമാക്കുക, ഗർഭച്ചിദ്രത്തെ എതിർക്കുക തുടങ്ങിയ പൊതു നിലപാടുകളാണ് റിപ്പബ്ലിക്കന്മാരുടേത്. മേൽപറഞ്ഞ വിഷയങ്ങളിലെല്ലാം തീർത്തും വ്യത്യസ്ഥമായ നിലപാടാണ് ഭൂരിഭാഗം ഡെമോക്രാറ്റുകൾക്കുമുള്ളത്. ഡെമോക്രാറ്റുകളിൽ തന്നെ മോഡറേറ്റുകളും പ്രോഗ്രസീവുകളും പല വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകൾ കൈക്കൊള്ളാറുണ്ട്. പാർട്ടിയുടെ സ്ഥാനാർഥിത്വം തേടുക എന്നതാണ് ആദ്യ കടമ്പ. പ്രസിഡന്റാകാൻ താൽപര്യമുള്ള പത്തോ ഇരുപതോ നേതാക്കൾ അതത് പാർട്ടികളുടെ നോമിനേഷനായി രംഗത്തുവരും. ഇവർ സംവാദങ്ങളിൽ പങ്കെടുക്കുകയും തങ്ങളുടെ പ്രചാരണത്തിന്  ആവശ്യമുള്ള പണം സ്വരൂപിക്കുകയും ചെയ്യും. രണ്ടു രീതികളിലാണ് ഈ സ്ഥാനാർഥിത്വ നിർണയം നടക്കുക. ഇതിനായി  വിവിധ സംസ്ഥാനങ്ങളിൽ കോക്കസുകളും പ്രൈമറികളും നടത്തും.  പാർട്ടികളുടെ അംഗങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് യോഗം കൂടി ചർച്ച ചെയ്ത് തീരുമാനിക്കുന്ന  രീതിയാണ് കോക്കസ്. ചില സംസ്ഥാനങ്ങൾ ഈ രീതി പിന്തുടരുന്നു. അതേസമയം അതത് പാർട്ടികളുടെ റജിസ്റ്റർ ചെയ്ത വോട്ടർമാർ പോളിങ്ങിലൂടെ തന്നെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന രീതിയാണ് പ്രൈമറി. ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ രീതി പിന്തുടരുന്നു. പകുതി സംസ്ഥാനങ്ങളിലും പ്രൈമറിയും കോക്കസും കഴിയുന്നതോടെ സാധ്യത കുറഞ്ഞ സ്ഥാനാർഥികൾ മൽസരത്തിൽ നിന്ന് പിന്മാറുന്നു.  രണ്ടോ മൂന്നോ പേർ മാത്രം മൽസര രംഗത്ത് ഇതോടെ ബാക്കിയാകും . പിന്മാറിയ സ്ഥാനാർഥികളും അവരുടെ അണികളും പലപ്പോഴും മൽസര രംഗത്തുള്ളവരിൽ ആരുടെയെങ്കിലും പക്ഷം ചേരുകയും അവസാനം ഒരു സ്ഥാനാർഥി എന്ന നിലയിലേക്ക് എത്തി പ്രൈമറി പ്രക്രിയ പൂർത്തിയാവുകയും ചെയ്യുന്നു. ഈ വർഷം നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനുമാണ് പ്രസിഡന്റ് സ്ഥാനത്തിനായി പോരാട്ടത്തിലുള്ളത്. ജോ ബൈഡൻ, ബേണി സാന്റേഴ്സ്, എലിസബത്ത് വാറൻ കമല ഹാരിസ്, പീറ്റ് ബുട്ടിജിജ്, തുടങ്ങിയവരൊക്കെ ഡെമോക്രാറ്റ് നിരയിൽ  പ്രൈമറിയിൽ പോരാട്ടത്തിനുണ്ടായിരുന്നുവെങ്കിലും ജോ ബൈഡന് സ്ഥാനാർഥിത്വം ലഭിക്കുകയായിരുന്നു. ഒരു തവണ പ്രസിഡന്റായ വ്യക്തി രണ്ടാമൂഴം തേടുകയാണെങ്കിൽ ആ പാർട്ടി മിക്കവാറും ആ സ്ഥാനാർഥിയുടെ പിറകെ അണിചേരും. എതിർത്ത് മൽസരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ തന്നെ പാർട്ടിയുടെ പിന്തുണ ഇല്ലാത്തതിനാൽ വോട്ട് കിട്ടാതെ പോവുകയാണ് പതിവ്. സ്വാഭാവികമായി ഡോണാൾഡ് ട്രംപ് രണ്ടാമൂഴം തേടുന്നതിനാൽ റിപ്പബ്ലിക്കൻ പാർട്ടി ഇത്തവണ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വമാണ് സ്വീകരിച്ചത്.   പ്രൈമറി തെരഞ്ഞെടുപ്പ് പൂർത്തിയായാൽ അതത് പാർട്ടികൾ ദേശീയകൺവെൻഷൻ ചേർന്ന് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യും. പ്രസിഡന്റ് സ്ഥാനാർഥിയാണ് വൈസ് പ്രസിഡന്റായി ആരു മൽസര രംഗത്തുണ്ടാകണമെന്ന് തീരുമാനിക്കുന്നത്. ഈ തീരുമാനവും കൺവെൻഷനിൽ തന്നെ പ്രഖ്യാപിക്കും. റണ്ണിങ്ങ് മേറ്റ് എന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ വിളിക്കുന്നത്. ഇന്ത്യൻ വംശജയായ കമല ഹാരിസിനെയാണ് ഇത്തവണ ജോ ബൈഡൻ വൈസ്പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്നെയാണ് ട്രംപിന്റെ റണ്ണിങ്ങ് മേറ്റ്.  മാസങ്ങളോളം നടക്കുന്ന പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലും വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലും സംവാദവും സംഘടിപ്പിക്കും. ഈ സംവാദങ്ങളാണ് അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന ഹൈലൈറ്റ്. 

നവംബറിലെ ആദ്യ തിങ്കളാഴ്ചക്കു ശേഷം വരുന്ന ചൊവ്വാഴ്ചയാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കുക. അങ്ങനെ നോക്കുമ്പോൾ രണ്ടായിരത്തി ഇരുപതിൽ അത് നവംബർ മൂന്നിനാണ് . തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു മാസം പിന്നിട്ട് ജനുവരി ഇരുപതിനാണ് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 

അമേരിക്കയിലെ ഇലക്ട്രൽ കോളജ് രീതിയെ കുറിച്ച് അടുത്ത ഭാഗത്തിൽ വിശദമായി കാണാം.