അമേരിക്കയിൽ ആർക്ക് വോട്ട് ചെയ്യാം, എന്താണ് തെരഞ്ഞെടുപ്പ് നടപടിക്രമം

ആർക്കാണ് വോട്ടവകാശം? എന്താണ് തെരഞ്ഞെടുപ്പ് നടപടിക്രമം?

പതിനെട്ടു വയസു തികഞ്ഞ രാജ്യത്തെ പൗരന്മാർക്കാണ് അമേരിക്കയിൽ വോട്ടവകാശമുള്ളത്. ക്രിമിനൽ കുറ്റം നേരിടുന്നവർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും പരോളിലുള്ളവർക്കും പ്രൊബേഷനിലുള്ളവർക്കും പല സംസ്ഥാനങ്ങളിലും വോട്ടു ചെയ്യാനുള്ള അവകാശം ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പ് ദിവസം ക്യൂ നിന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും വോട്ട് രേഖപ്പെടുത്തുന്നത്. അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി പോസ്റ്റൽ വോട്ടുകളുടെ പ്രചാരവും കൂടിവരുന്നു. കോവിഡ് സാഹചര്യത്തിൽ റെക്കോഡ് ആളുകളാണ് രണ്ടായിരത്തി ഇരുപതിൽ ഏർലി വോട്ടിങ്ങിൽ പങ്കെടുത്തത്. രണ്ടായിരത്തി പതിനാറിലെ തെരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരുടെ ഇരുപത്തിയൊന്ന് ശതമാനവും പോസ്റ്റൽ വോട്ടാണ് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ ഇത് ഇതിലും എത്രയോ അധികമായിരിക്കും. ഡെമോക്രാറ്റ് നേതാക്കളടക്കം പലരും കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ മെയിൽ ഇൻ വോട്ടിങ്ങിനെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും ഈ രീതി കൂടുതൽ വോട്ടർ ഫ്രോഡിന് ഇടയാക്കുമെന്ന നിലപാടാണ് പ്രസിന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. 

ഫലമെപ്പോൾ അറിയാം

മെയിൽ ഇൻ വോട്ടുകളും കണക്കുകൂട്ടുമ്പോൾ  വോട്ടെണ്ണൽ പൂർത്തിയാകാൻ ദിവസങ്ങളെടുക്കുമെങ്കിലും സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന രാത്രിയിൽ തന്നെ ആര് വിജയിക്കുമെന്ന് പറയാനാകും. രണ്ടായിരത്തി പതിനാറിൽ തെരഞ്ഞെടുപ്പിന് പിറ്റേന്ന് പുലർച്ചേ മൂന്നു മണിക്കാണ് ഡോണാൾഡ് ട്രംപ് വിജയപ്രസംഗം നടത്തിയത്. എന്നാൽ ഇത്തവണ സാധാരണയിലും വൈകാനാണ് സാധ്യത. സാധാരണയേക്കാളേറെ മെയിൽ ഇൻ വോട്ടുകളാണ് ഇത്തവണ നടന്നിട്ടുള്ളത്. അത് എണ്ണിത്തിട്ടപ്പെടുത്തി ഒരു ഫല സൂചന കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. ആഴ്ചകളെടുത്താലും അൽഭുതപ്പെടേണ്ടതില്ലെന്നാണ് പല കേന്ദ്രങ്ങളും പറയുന്നത്. രണ്ടായിരത്തിൽ ഫ്ലോറിഡയിലെ വോട്ടെണ്ണലിൽ വന്ന തർക്കത്തേയും നിയമപ്രശ്നത്തേയും തുടർന്ന് ഒരു മാസത്തോളം വൈകിയാണ് വിജയിയെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളും പല സമയത്താണ്  വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതും വോട്ടെണ്ണൽ തുടങ്ങുന്നതും. ഓരോ ഘട്ടത്തിലും പോരാട്ടസംസ്ഥാനങ്ങളും വരുന്നതിനാൽ ഫലമറിയാനും ഫല സൂചന കിട്ടാനും കുറച്ചു സമയം കാത്തിരിക്കേണ്ടിവരും.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പുതിയ നിയമനങ്ങൾ നടത്താനും പഴയ സർക്കാരിൽ നിന്ന് വിവരങ്ങൾ കൈപ്പറ്റാനും ആഴ്ചകളോളം എടുക്കും. ജനുവരി ഇരുപതിനാണ് അമേരിക്കയിൽ നാലുവർഷം കൂടുമ്പോൾ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.വാഷിങ്ങ്ടൺ ഡിസിയിലെ കാപ്പിറ്റോൾ ബിൽഡിങ്ങിന്റെ പടികളിൽ നിന്നുകൊണ്ടാ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 

വോട്ടെടുപ്പ് രീതികളിലുള്ള ചില വിവാദങ്ങളാണ് അടുത്ത ഭാഗം .